കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

Wednesday 14 March 2018 4:30 am IST
"undefined"

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ രണ്ടുദിവസം മഴയ്ക്കും കടലില്‍ മണിക്കൂറില്‍ അറുപത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

തെക്കന്‍ കേരളത്തില്‍ നാളെ വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയില്‍ സൂക്ഷിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൊല്ലത്ത് നിന്ന് പോയ നാല്‍പതോളം ബോട്ടുകള്‍ ഇപ്പോഴും ഉള്‍ക്കടലിലാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നു. 

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോയ ബോട്ടുകളെയും വള്ളങ്ങളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരിച്ചെത്തിച്ചു.

കൊച്ചിയിലും ജാഗ്രത

ന്യൂനമര്‍ദ്ദം ശക്തമായതിനെതുടര്‍ന്ന്  കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൊച്ചിയുടെ തീരമേഖലയിലും ആശങ്കയുണ്ടാക്കി. കൊച്ചി തീരത്ത് നിന്ന് പോയ ഇരുനൂറോളം ലോങ് ലൈന്‍ ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് വിവരം കൈമാറാനായില്ല. വയര്‍ലെസ് ബന്ധം തകാറിലായതാണ് കാരണം. എന്നാല്‍, ചില ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്തും തമിഴ്‌നാട് തേങ്ങാപ്പാറ തീരത്തും അടുത്തതായി സൂചനയുണ്ട്.  

ചെല്ലാനം, ഫോര്‍ട്ടുകൊച്ചി തീരത്തേക്കുള്ള പ്രവേശനം തടഞ്ഞു. ചെറുവള്ളങ്ങള്‍ ഈ മേഖലയില്‍ രണ്ടുദിവസമായി കടലില്‍ പോയിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.