ജില്ലയുടെ വികസനപരിപാടികള്‍ക്ക് ഗതിവേഗം കൂട്ടണമെന്ന് നിര്‍ദേശം

Wednesday 14 March 2018 12:23 pm IST

 

 

കൊല്ലം: ജില്ലയിലെ വികസന-ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വികസനകാര്യ മേല്‍നോട്ട ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യറിന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ജില്ലയുടെ സമഗ്രവികസനത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായത്. വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. 

ബൈപാസിന്റെ നിര്‍മാണം ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കണം. ഇതിന്റെ ഭാഗമായ പാലങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത വിഭാഗം പ്രതിനിധി യോഗത്തെ അറിയിച്ചു. 

ലിങ്ക് റോഡ് മൂന്നാംഘട്ടത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഓലയില്‍ക്കടവില്‍ നിന്നുള്ള നാലാംഘട്ടത്തിന് രണ്ടു മാസത്തിനകം ടെണ്ടറാകും. കിഫ്ബിയില്‍ ഉള്‍പ്പെട്ട 11 പാലങ്ങള്‍, 33 റോഡുകള്‍ എന്നിവയും പൂര്‍ത്തിയാകുന്നു. 201 കോടി രൂപ ചെലവില്‍ മലയോരഹൈവേ നിര്‍മാണവും നടപ്പിലാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ മൂന്ന് പാലങ്ങളും നാലു റോഡുകളുമാണ് നിര്‍മിക്കുന്നത്. ബജറ്റ് വിഹിതം വിനിയോഗിച്ച് 244 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു. 

ശാസ്താംകോട്ട തടാകത്തിലെ ജലദൗര്‍ലഭ്യം മറികടക്കാന്‍ മറ്റു ജലസ്രോതസുകളെ ആശ്രയിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി നിര്‍ദ്ദഷ്ട ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി സ്ഥലം കൈമാറല്‍, പൈപ്പിടല്‍ എന്നിവയ്ക്കായി ഉടന്‍ ഏകോപനസമിതി രൂപീകരിക്കണം. കൊല്ലം തോട് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ സാധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ഒന്നാം റീച്ച് 80 ശതമാനവും അഞ്ചാം റീച്ച് 95 ശതമാനവും പിന്നിട്ടു. മറ്റു റീച്ചുകളുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.

ദേശീയപാത നാലു വരിയാക്കുന്നതിനുവേണ്ടി സ്ഥലമെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇതിനായി കൂടുതല്‍ സര്‍വെയര്‍മാരെ നിയമിക്കുന്നത് പരിഗണനയിലുണ്ട്. പ്രവര്‍ത്തനപുരോഗതി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിലയിരുത്തും. പുലമണ്‍തോട് നവീകരണം തുടരുകയാണ്. ഇവിടെനിന്ന് മാലിന്യനീക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. മാലിന്യം നിറഞ്ഞ കാവനാട് വട്ടക്കായല്‍ ശുചീകരിക്കാനും ആഴംകൂട്ടാനുമുള്ള പ്രവര്‍ത്തനവും നടന്നുവരുന്നു. മാലിന്യനിക്ഷേപം തടയാന്‍ കായലിന് ചുറ്റും ഫെന്‍സിംഗ് തീര്‍ക്കുമെന്നും ഇന്‍ലന്റ് നാവിഗേഷന്‍ വകുപ്പ് പ്രതിനിധി അറിയിച്ചു. ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. 

വരള്‍ച്ച മുന്നില്‍ക്കണ്ട് ജല അതോറിറ്റിയുടെ കൊല്ലം, കൊട്ടാരക്കര ഡിവിഷനുകള്‍ ലഭ്യമായ പണം 31നകം വിനിയോഗിച്ച് നിശ്ചിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ക്ഷീരവികസന പരിപാടികളുടെ ഏകീകരണത്തിനും നടത്തിപ്പിനുമായി ക്ഷീരസഹകരണ സംഘങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കണം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ തൃപ്തികരമാണെന്ന് വിലയിരുത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍തലത്തില്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലും തുടര്‍നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ വിശദവും സൂക്ഷ്മവുമായ അവലോകനം നടത്തുന്ന രീതിയാലാകും തുടര്‍യോഗങ്ങള്‍ ക്രമീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സബകളക്ടര്‍ ഡോ.എസ്.ചിത്ര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ഷാജി, വിവിധ വകുപ്പകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.