യുപിയില്‍ സഖ്യം മുന്നോട്ട്; ബാബുവായില്‍ ബിജെപിക്ക് ജയം

Wednesday 14 March 2018 5:01 pm IST

ലഖ്‌നൗ/പാറ്റ്‌ന: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബിജെപിക്ക് തിരിച്ചടി. യുപിയിലെ ഗോരഖ്പൂര്‍ ലോക്‌സഭാ സീറ്റിലും ഫൂല്‍പൂരിലും ബിജെപി പിന്നില്‍. ബിഎസ്‌പി പിന്തുണച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ഗോരഖ്പൂരില്‍ 27000 വോട്ടിന്റെ ലീഡാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദിനുള്ളത്.

 ഫുല്‍പൂരില്‍ 23,000 വോട്ടിന്റെ  ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് പട്ടേല്‍ മുന്നിട്ട് നില്‍ക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അഞ്ചുതവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഇവിടെ ബിജെപിക്കെതിരേ സമാജ് വാദി പാര്‍ട്ടിയും ബിഎസ്‌പിയും ഒന്നിച്ചാണ് മത്സരിച്ചത്. മായാവതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. പോളിങ് ശതമാനവും കുറവായിരുന്നു. 

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണു രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ബീഹാറിലെ അറോറിയ ലോക്‌സഭാ സീറ്റില്‍ ആര്‍‌ജെ‌ഡിക്കാണ് ലീഡ്. ജഹാനാബാദ് നിയമസഭാ സീറ്റില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണമോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു.  

സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 15 ,490 വോട്ടുകള്‍ക്ക് വിജയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.