രഹസ്യവിചാരണ വേണമെന്ന് നടി: ദൃശ്യം നല്‍കണമെന്ന ദിലീപിന്റെ ആവശ്യം വീണ്ടും തള്ളി

Thursday 15 March 2018 2:40 am IST
"undefined"

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന എട്ടാംപ്രതിയും നടനുമായ ദിലീപിന്റെ ആവശ്യം വിചാരണക്കോടതിയും തള്ളി. ദൃശ്യങ്ങളുടെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും മറ്റു രേഖകള്‍ നല്‍കുന്നതിന് തടസ്സമില്ലെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദൃശ്യം വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.

കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി ഇന്നലെ നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. 12 പ്രതികളുള്ള കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഹാജരായില്ല. കേസില്‍ രഹസ്യവിചാരണയും വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതിയും വേണമെന്ന് ആവശ്യപ്പെട്ട് നടിയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കി. രഹസ്യ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം. വിചാരണ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കണമെന്നും നടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം 28ലേക്ക് മാറ്റി. 

പ്രോസിക്യൂട്ടര്‍ ഉള്ളപ്പോള്‍ എന്തിനാണ് നടിക്ക് സ്വന്തം അഭിഭാഷകനെന്ന് കോടതി ചോദിച്ചു. അഭിഭാഷകന് ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്ന് നിര്‍ദേശം നല്‍കി. നടിക്കായി പ്രത്യക അഭിഭാഷകനെ നിയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും 28 ന് പരിഗണിക്കും. ഇതിനായി 301-ാം വകുപ്പ് പ്രകാരം അപേക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 

നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ നടപടികള്‍ക്കായി എട്ടാം പ്രതി നടന്‍ ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. 

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു പോകുമ്പോള്‍ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് കേസ്. പള്‍സര്‍ സുനിയുള്‍പ്പെടെ 3 പ്രതികളുടെ ജാമ്യ അപേക്ഷ 16 ന് കോടതി പരിഗണിക്കും. കേസിലെ രേഖകള്‍ സുനിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടെട്ടെങ്കിലും എന്താക്കെ രേഖകളാണ് വേണ്ടതെന്ന് വ്യക്തമാക്കി വീണ്ടും അപേക്ഷ നല്‍കാന്‍ കോടതി നനിര്‍ദ്ദേശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.