ഒരപൂര്‍വ ജീവിതം

Thursday 15 March 2018 2:50 am IST
"undefined"

ശാസ്ത്രത്തിനോടുള്ള അകൈതവമായ ആത്മസമര്‍പ്പണംകൊണ്ട് വിധിയുടെ വെല്ലുവിളികളെ സധൈര്യം നേരിട്ടൊരു മഹാവ്യക്തിപ്രഭാവമാണ് സ്റ്റീഫന്‍ ഹോക്കിങ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുശേഷം പൊതുജനത്തേയും ശാസ്ത്രലോകത്തേയും ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി വേറെയില്ല എന്നുതന്നെ പറയാം.

1942 ജനുവരി എട്ടിന് ഓക്‌സ്ഫഡിലാണ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജനനം. അത്ഭുതമെന്നോണം ഗലീലിയോയുടെ മരണത്തിന് കൃത്യം 300 വര്‍ഷങ്ങള്‍ക്കുശേഷം! ഒരു ജീവശാസ്ത്രജ്ഞനായിരുന്ന പിതാവ് ഫ്രാങ്ക് ഹോക്കിന്‍സിന്റെയും മാതാവ് ഇസബെല്ലിന്റെയും നാലു മക്കളില്‍ മൂത്തവനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ സ്റ്റീഫന്റെ അനിതരസാധാരണമായ ബുദ്ധിവൈഭവം സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഓക്‌സ്‌ഫോര്‍ഡില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിക്കുമ്പോള്‍ യുവാവായ ഹോക്കിങ്ങിന് പുസ്തകങ്ങളോ നോട്ടുകളോ ഒന്നും വേണ്ടിവന്നിട്ടില്ല. ഓക്‌സ്ഫഡില്‍നിന്ന് ബിരുദം നേടിയശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗേവഷണത്തിന് ചേര്‍ന്ന ഹോക്കിങ്ങിനെ ഏറ്റവുമധികം ആകര്‍ഷിച്ച വിഷയം കോസ്‌മോളജി അഥവാ പ്രപഞ്ച വിജ്ഞാനീയം തന്നെയായിരുന്നു.

ഡോ. ഷിയാമയുടെ കഴില്‍ കേംബ്രിഡ്ജിലെ ഗവേഷണ ജീവിതത്തിനിടയ്ക്കാണ് 1963-ല്‍ അദ്ദേഹത്തിന് ലൊവ് ഗെറിങ് സിന്‍ഡ്രോം എന്ന രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മൂന്നുകൊല്ലത്തെ ആയുസ്സാണ് അവര്‍ അദ്ദേഹത്തിന് വിധിച്ചത്. ആദ്യം അദ്ദേഹം വിഷാദരോഗത്തിന് അടിമപ്പെട്ടെങ്കിലും അദമ്യമായ ആത്മധൈര്യംകൊണ്ട് തന്റെ ശാരീരിക അവശതകളെ  നേരിട്ടു. ഒരു വൈദ്യുത കസേരയിലിരുന്നുകൊണ്ടാണ് അദ്ദേഹം പിന്നീടുള്ള ജീവിതം കഴിച്ചുകൂട്ടിയത്. സംസാരശേഷി നഷ്ടപ്പെട്ട ഹോക്കിങ് ഒരു ഇലക്‌ട്രോണിക് വോയ്‌സ് സിന്തസൈസറിന്റെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയിരുന്നത്.

തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് ഹോക്കിങ് എന്നും പ്രാധാന്യംകൊടുത്തിരുന്നത്. തമോഗര്‍ത്തങ്ങളുടെ അനന്തമായ ആകര്‍ഷണവലയത്തില്‍പ്പെട്ടാല്‍ ഒരു വസ്തുവിനും അതില്‍നിന്ന് പുറത്തുകടക്കുക അസാധ്യമാണ്. പ്രകാശ കണികകള്‍ക്കുപോലും തമോഗര്‍ത്തങ്ങളുടെ ചക്രവാളങ്ങളില്‍നിന്നും ബഹിര്‍ഗമിക്കുക അസാധ്യംതന്നെ. എന്നാല്‍ ഇതിനൊരപവാദമാണ് ഹോക്കിങ് റേഡിയേഷന്‍ എന്ന പ്രതിഭാസം. തമോഗര്‍ത്തത്തിന്റെ സാംഭവിക ചക്രവാളത്തില്‍നിന്നും പ്രകാശത്തിനും മറ്റു കണികകള്‍ക്കും പുറത്തുവരുവാനുള്ള സാധ്യത ക്വാണ്ടം ഭൗതികത്തിന്റെ സഹായത്തോടെ ഹോക്കിങ് കണ്ടെത്തി. ഇത്തരത്തില്‍ സാവധാനത്തിലുള്ള ബാഷ്പീകരണംകൊണ്ട് തമോഗര്‍ത്തങ്ങള്‍ പ്രത്യക്ഷമാകാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നു. തമോഗര്‍ത്തങ്ങള്‍ക്ക് 'മീശ'യുണ്ടാകാമെന്നാണ് തമാശരൂപത്തില്‍ ഈ പ്രതിഭാസത്തെ വിവരിക്കാറ്. 

തമോഗര്‍ത്തങ്ങളുടെ താപഗതീയതകളെക്കുറിച്ചും വിവരസംബന്ധമായ ഗുണഗണങ്ങളെക്കുറിച്ചും ഹോക്കിങ് വിശദമായി ഗവേഷണം നടത്തുകയുണ്ടായി. ഇവയുടെ ഫലങ്ങള്‍ ചില വിവാദങ്ങളിലേക്കും നയിച്ചിട്ടുണ്ട്. കേംബ്രിഡ്ജില്‍ ലുക്കേഷ്യന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് (ഐസക് ന്യൂട്ടണ്‍ അലങ്കരിച്ചിരുന്ന സ്ഥാനം), റോയല്‍ സൊസൈറ്റി ഫെല്ലോ എന്നിവക്കു പുറമെ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ കോസ്‌മോളജി എന്നീ പദവികളും സ്റ്റീഫന്‍ ഹോക്കിങ് അലങ്കരിച്ചിരുന്നു.

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പോപ്പുലര്‍ സയന്‍സ് കൃതികളാണ് സാധാരണക്കാരെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്നത്. 1988 ല്‍ പ്രസിദ്ധീകരിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ആണ് ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പുസ്തകം. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഭൗതികത്തിലെ സങ്കീര്‍ണ തത്വങ്ങള്‍ സരളമായി വിശദീകരിക്കാന്‍ അസാധാരണമായ വൈഭവമാണ് സ്റ്റീഫന്‍ ഹോക്കിങ്ങിനുള്ളത്. 2010 ല്‍ പ്രസിദ്ധീകരിച്ച 'ദ ഗ്രാന്‍ഡ് ഡിസൈന്‍' മറ്റൊരു ബെസ്റ്റ് സെല്ലറായിരുന്നു. 'യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍' (2001), 'ബ്ലാക്‌ഹോള്‍ ആന്‍ഡ് ബേബി യൂണിവേഴ്‌സ്' (1993) തുടങ്ങിയവയൊക്കെ സാധാരണക്കാര്‍ വളരെയധികം ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു. താനൊരു നിരീശ്വരവാദിയാണെന്ന് ഹോക്കിങ് പലയിടത്തും വെളിപ്പെടുത്തുന്നുണ്ട്. 100 കൊല്ലംകൂടിയേ മനുഷ്യവര്‍ഗ്ഗത്തിന് ആയുസ്സുള്ളൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യകുലം വംനാശഭീഷണിയിലാണെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറിയേ നിലനില്‍പ്പുള്ളൂ എന്നുമൊക്കെ ഹോക്കിങ് പരിതപിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.