41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ നിര്‍ത്തലാക്കി

Thursday 15 March 2018 2:55 am IST
"undefined"

ഇന്‍ഡോര്‍: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്ന് രാജ്യത്തെ 41.16  ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയെന്ന് എസ്ബിഐ. 2017 ഏപ്രില്‍ 1- 2018 ജനുവരി 31 വരെയുള്ള കാലയളവിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ ഇത്രയും അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയത്. 

മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗൗഡ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.  സ്‌റ്റേറ്റ് ബാങ്കില്‍ 41 കോടി സേവിങ്‌സ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടി പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം ആരംഭിച്ചിട്ടുള്ളതാണ്. ബാക്കി പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ എന്നിവയ്ക്കായി ആരംഭിച്ചിട്ടുള്ളവയാണെന്നും കണക്കുകളില്‍ പറയുന്നുണ്ട്.

2017 ഏപ്രില്‍- നവംബര്‍ കാലയളവില്‍  1,771.67 കോടിയായിരുന്നു എസ്ബിഐയുടെ മൊത്ത ലാഭം. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കിയതും ഇതില്‍ ഉള്‍പ്പെടും. അതിനിടെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് എസ്ബിഐ 75 ശതമാനം കുറച്ചു. മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 3000 രൂപ നിലനിര്‍ത്തിയില്ലെങ്കില്‍ പിഴയായി പ്രതിമാസം 50 രൂപയും നികുതിയുമാണ് ചുമത്തിയിരുന്നത് 15 രൂപയും നികുതിയുമാക്കി.

അര്‍ധ നഗരങ്ങളില്‍ പിഴ 40 രൂപ ആയിരുന്നത് 12ഉം, ഗ്രാമ പ്രദേശങ്ങളില്‍ 10 രൂപയുമായാണ് കുറച്ചിരിക്കുന്നത്. അര്‍ധ നഗരങ്ങളില്‍ 2000ഉം ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐയുടെ മിനിമം ബാലന്‍സ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.