പെരുമ്പളത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബോട്ട് സര്‍വീസ് ആരംഭിക്കും

Thursday 15 March 2018 1:20 am IST


പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിനെ ബന്ധിപ്പിച്ച് വൈക്കം എറണാകുളം റൂട്ടില്‍ എസി സൂപ്പര്‍ഫാസ്റ്റ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നു. ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിഷുദിനത്തില്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനം.
 രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ ബോട്ട് ആദിത്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ മികച്ച സാമ്പത്തിക നേട്ടമാണ് ജലഗതാഗത വകുപ്പിന് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍  വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തിലാണ് ബോട്ട് നിര്‍മാണം. അരൂരിലെ ബോട്ട് യാര്‍ഡില്‍ ബോട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
 1.80കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. മണിക്കൂറില്‍ ഇരുപത്തെട്ട് മുതല്‍ മുപ്പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇരട്ട എന്‍ജിന്‍, പ്രൊപ്പല്ലര്‍ എന്നിവ ബോട്ടിന്റെ പ്രത്യേകതയാണ്.
 നൂറ്റിഇരുപത് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അന്‍പത് സീറ്റുകളുള്ള ക്യാബിനിലാണ് എസി സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കി നോണ്‍ എസി, ഡബിള്‍ ഡക്ക് നിലവാരത്തിലാണ് ഒരുക്കുന്നത്.
 നാല് സ്റ്റോപ്പുകളാണ് ഉള്ളത്. വൈക്കം, ചെമ്മനാകരി, പാണാവള്ളി, പെരുമ്പളം, തേവര, നേവല്‍ബേസ് വഴി എറണാകുളം ജെട്ടിയിലേക്കാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
 സര്‍വീസ് ആരംഭിക്കുന്നതോടെ വൈക്കത്തു നിന്ന് എറണാകുളത്ത് ഒന്നരമണിക്കൂര്‍ കൊണ്ട് എത്താനാകും. കരമാര്‍ഗം യാത്രചെയ്യുന്നവര്‍ ഏറെ നേരം ഗതാഗതക്കുരുക്കില്‍പ്പെടുന്ന അവസ്ഥയാണ്.
 പെരുമ്പളം ദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമേകുന്നതിനും വിനോദ സഞ്ചാര വികസനം കണക്കിലെടുത്ത് ആരംഭിക്കുന്ന സര്‍വീസ് ഗുണകരമാകരുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനം പരീക്ഷണ ഓട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.