ഉപതെരഞ്ഞെടുപ്പിൽ എസ്‌പിക്കും ആർജെഡിക്കും ജയം

Wednesday 14 March 2018 8:25 pm IST
"undefined"

ന്യൂദല്‍ഹി: യുപി- ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ആര്‍ജെഡിക്കും വിജയം. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീണ്‍ നിഷാദ് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 21961 വോട്ട് ഭൂരിപക്ഷമുണ്ട്.

യുപിയില്‍ ബിജെപിയുടെ മറ്റൊരു സീറ്റായിരുന്ന ഫുല്‍പൂരിലും സമാജ് വാദി പാര്‍ട്ടി വിജയിച്ചു. നാഗേന്ദ്ര സിങ് പട്ടേല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ 59,613 വോട്ടിന് തോല്‍പ്പിച്ചു. യുപിയില്‍ രാഷ്ട്രീയമായി ബദ്ധശത്രുക്കളായ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ സഖ്യത്തിലാണ് ബിജെപിക്കെതിരേ മത്സരിച്ചത്. 

ബീഹാറില്‍ ഉപതെരഞ്ഞെടുപ്പു നടന്ന അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ സര്‍ഫറാസ് അലാം ബിജെപി സ്ഥാനാര്‍ത്ഥിയെ 63,000 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 

ബീഹാറില്‍ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാബുവയില്‍ ബിജെപി സ്ഥാനാര്‍ത്ഥി റിങ്കി റാണി പാണ്ഡെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ 15,490 വോട്ടിന് തോല്‍പ്പിച്ചു. ജെഹനാബാദില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി 35,036 വോട്ടിന് വിജയിച്ചു.

ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായി. യുപിയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴിഞ്ഞ സീറ്റിലാണ് പരാജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ സംസ്ഥാനത്തെ പരാജയം വിലയിരുത്തി പോരായ്മകള്‍ തിരുത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മണ്ഡലങ്ങൡ പോളിങ് കുറഞ്ഞതും വിജയിക്കുമെന്ന അമിത ആത്മവിശ്വാസവുമാണ് പലകാരണങ്ങളിലൊന്നെന്ന് യോഗി പറഞ്ഞു.

യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത് ബിജെപി തോല്‍വിക്ക് മുഖ്യകാരണമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിച്ചപ്പോള്‍ 39.7 % വോട്ടു കിട്ടിയ ബിജെപിക്ക് 312 സീറ്റു ലഭിച്ചു.  22.2 % വോട്ടു കിട്ടിയ ബിഎസ്പിക്ക് 19 സീറ്റാണു കിട്ടിയത്. 21.8 % വോട്ടുകിട്ടിയ സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റും. 

രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ദയനീയ പരാജയമാണ് സംഭവിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ ഒന്നിച്ച് മത്സരിക്കാന്‍ തയാറായാല്‍ 2019 പൊതു തെരഞ്ഞെടുപ്പില്‍ നല്ല മത്സരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.