കരപ്പുറത്ത് ആദിത്യപൂജയ്ക്ക് ഇന്ന് തുടക്കം

Thursday 15 March 2018 2:00 am IST

 

മുഹമ്മ: കര്‍മ്മസാക്ഷിയായ സൂര്യന്റെ കനിവ്‌തേടി കരപ്പുറത്തെ ഗ്രാമങ്ങളില്‍ ആദിത്യപൂജയ്ക്ക് ഇന്ന് തുടക്കമാകും. മീനം,മേടം മാസങ്ങളില്‍ മധ്യതിരുവിതാംകൂറിലെ ചേര്‍ത്തല,അമ്പലപ്പുഴ,വൈക്കം താലൂക്കുകളില്‍ നടന്നുവരുന്ന അനുഷ്ഠാനമാണ് ആദിത്യപൂജ.  ജല കുംഭത്തിലോ ദര്‍ഭ കൂര്‍ച്ചത്തിലോ ആദിത്യനെ ആവാഹിച്ച് പൂജിക്കുകയാണ് പതിവ്. വ്രതനിഷ്ഠ ദീക്ഷിക്കപ്പെടുന്ന ആദിത്യ പൂജയില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ചവരെ അരി ആഹാരം വര്‍ജ്ജിച്ച് ഒരിക്കലിരുന്നാണ് പൂജാരി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്.  പച്ചവിരിപ്പ്‌നെല്ല് ഉരലില്‍ കുത്തി പൊടിയാക്കിയെടുത്ത് ഉണ്ടാക്കുന്ന പൂജയപ്പം മുഖ്യനിവേദ്യമാണ്. കരിക്കിന്‍ വെള്ളം കല്‍ക്കണ്ടം,തേന്‍,മുന്തിരി,എള്ള്,ശര്‍ക്കര,പൂവന്‍പഴം,ഈന്തപ്പഴം,മധു എന്നിവ ചേര്‍ത്ത് മാവ് കുഴച്ച് പുത്തനെണ്ണയില്‍ പൊരിച്ചെടുക്കുന്ന പൂജേപ്പം മാധുര്യമേറിയതും പോഷക സമ്പുഷ്ടവുമാണ്. ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനം ലക്ഷ്യമാക്കിയുള്ള സൂര്യന്റെ യാത്രയില്‍ കൃത്യമായി കിഴക്കേ ദിശയില്‍ ഉദിക്കുന്ന ദിവസം മേടം പത്താണ്. ആദിത്യ പൂജയ്ക്ക് പറ്റിയ ഏറ്റവും നല്ല ദിവസം ഇതാണ്. ഇത്തവണ ഏപ്രില്‍ 23ന് ആണ് പത്താമുദയം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.