വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ആറ്റുവേല മഹോത്സവം

Thursday 15 March 2018 2:00 am IST
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം 19, 20 തീയതികളില്‍ നടക്കും. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് പ്രത്യേകത.

 

തലയോലപ്പറമ്പ്: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം 19, 20 തീയതികളില്‍ നടക്കും. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ്  പ്രത്യേകത. ഐതിഹ്യപ്പെരുമയും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം.  

ഇളങ്കാവിലമ്മയെ കാണാന്‍ മീനമാസത്തിലെ അശ്വതി നാളില്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗ്ഗം എത്തുന്നുവെന്നാണ് ഐതിഹ്യം. രണ്ടുവലിയ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിനുമുകളില്‍ തട്ടിട്ട് മൂന്ന് നിലയുള്ള ക്ഷേത്രം നിര്‍മ്മിച്ച് 1008 ചുറ്റുവിളക്കും 108 തൂക്കുവിളക്കും വൈദ്യുതി ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച്  ശ്രീകോവിലിന് മുകള്‍ ഭാഗത്ത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ തിടമ്പ് പ്രതിഷ്ഠിച്ചാണ്  എഴുന്നള്ളിയ്ക്കുന്നത്. പണിപൂര്‍ത്തിയായ ആറ്റുവേലച്ചാട് തിങ്കളാഴ്ച രാവിലെ ഏഴിന് ഇളങ്കാവ് ക്ഷേത്രത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറുമാറി ആറിന്റെ മറുകരയിലുള്ള ആറ്റുവേലക്കടവില്‍ എത്തും.  ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വൈദ്യുതാലംകൃതമായ ചാടുകളില്‍ ആറ്റുവേലക്കടവില്‍ നിന്നും ജലമാര്‍ഗ്ഗം ഇളങ്കാവ് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ 4.30ന് ഇളങ്കാവ് ക്ഷേത്ര തീരത്തെ കടവിലെത്തും. തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതിലിനുപുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിസ്രാമ്പിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും. ചൊവ്വാഴ്ച രാവിലെ ആറിന് നടക്കുന്ന പീലിത്തൂക്കവും രാത്രി 11 മുതല്‍ നടക്കുന്ന ഗരുഡന്‍തൂക്കവും കഴിഞ്ഞ ശേഷമാണ് ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് തിരികെ എഴുന്നള്ളിക്കുന്നത്. 

ആറ്റുവേല ഉത്സവത്തിന് ആരംഭംകുറിച്ച് ഇന്നലെ ആറ്റുവേലക്കടവില്‍ കൊടിയേറ്റ് നടന്നു.  തുടര്‍ന്ന് ആറ്റുവേലച്ചാടിന്റെയും വള്ളങ്ങള്‍ ചേര്‍ത്തുള്ള പിണ്ടിപ്പൊഴുതിന്റെയും നിര്‍മ്മാണം ആരംഭിച്ചു. 19ന് വൈകിട്ട് ആറിന് തിരുവാതിരകളി, ഏഴിന് സാംസ്‌കാരികസമ്മേളനം, എട്ടിന് തിരുവാതിരകളി, 9.30ന് കോമഡി ഷോ, 12ന് ബാലെ, പുലര്‍ച്ചെ ഒന്നിന് പുറക്കളത്തില്‍ ഗുരുതി, 1.30ന് ആറ്റുവേലപുറപ്പാട്, പുലര്‍ച്ചെ 4.30ന് ആറ്റുവേലദര്‍ശനം, 5.30ന് ആറ്റുവേല എതിരേല്പ്, പള്ളിസ്രാമ്പിലേയ്ക്ക് എഴുന്നള്ളിപ്പ്. 20ന് രാവിലെ അഞ്ചിന് ചൂണ്ടകുത്ത്, പീലിതൂക്കം,ആറിന് താലപ്പൊലി, രാത്രി 11ന് ഗരുഡന്‍തൂക്കം, പുലര്‍ച്ചെ 3.30ന് തിരിച്ച് എഴുന്നള്ളിപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.