പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് ക്വിന്റല്‍ കണക്കിന് നെല്ല് കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പായി മഴമേഘങ്ങള്‍

Thursday 15 March 2018 2:00 am IST
പുഞ്ചകൃഷിയുടെ വിളവെടുപ്പിന്റെ തുടക്കത്തില്‍ തന്നെ പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്നത് ക്വിന്റല്‍ കണക്കിന് നെല്ല്.

 

കോട്ടയം: പുഞ്ചകൃഷിയുടെ വിളവെടുപ്പിന്റെ തുടക്കത്തില്‍ തന്നെ പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്നത് ക്വിന്റല്‍ കണക്കിന് നെല്ല്. 

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആകാശത്ത് മഴമേഘങ്ങള്‍ മൂടിയതോടെ കര്‍ഷകരുടെ നെഞ്ചില്‍ തീയാണ്. സംഭരണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ മില്ലുടമകള്‍ കാറ്റില്‍പ്പറത്തിയതോടെ നെല്ലെടുപ്പ് തടസ്സപ്പെട്ടു. 

നീണ്ടൂര്‍ കൃഷിഭവന്റെ കീഴിലുള്ള ചോഴിയപ്പാറ പാടശേഖരത്തില്‍ കയറ്റാനുള്ളത് 60 ലോഡ് നെല്ലാണ്. മില്ലുകാര്‍ ഇന്ന് വരും നാളെ വരുമെന്ന പ്രതീക്ഷയില്‍  മഴ നനയാതെയിരിക്കാന്‍ ടാര്‍ പോളിനിട്ട് നെല്ല് മൂടി കാത്തിരിക്കുകയാണ് കര്‍ഷകര്‍. 

350 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 104 കര്‍ഷകരാണുള്ളത്. ഇവരില്‍ പാട്ടകൃഷിക്കാരുമുണ്ട്. ഇത്തവണ മികച്ച വിളവാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ഏക്കറിന് 20 മുതല്‍ 25 ക്വിന്റല്‍ നെല്ല് വരെ ലഭിച്ചു. എന്നാല്‍ ഇതിന്റെ ഗുണഫലം കര്‍ഷകര്‍ക്കില്ല. നെല്ല് കയറ്റി പോയെങ്കില്‍ മാത്രമെ കര്‍ഷകരുടെ ആധി തീരുകയുള്ളു. കൊയ്ത്ത് കഴിഞ്ഞ് അഞ്ച് മുതല്‍ ഏഴ് ദിവസം വരെയായി.

മുന്‍വര്‍ഷങ്ങളിലേത് പോലെ നെല്ലെടുക്കുമ്പോള്‍ കിഴിവ് നല്‍കുന്നതിനെ ചൊല്ലിയുള്ള ഭിന്നതയാണ് സംഭരണത്തിന് വിലങ്ങുതടിയായത്. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വിളിച്ച യോഗത്തില്‍ നെല്ലിലെ പതിരിന് ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 

മൂന്ന് മുതല്‍ നാല് കിലോ വരെ കൊടുക്കാന്‍ കര്‍ഷകരും തയ്യാറാണ്. എന്നാല്‍ മില്ലുകാര്‍ ചോദിക്കുന്നത് എട്ടും പത്തും കിലോയാണ്. ചില പാടശേഖരങ്ങളില്‍ 14 കിലോ വരെ ചോദിക്കുന്നുണ്ട്. ഇത് സര്‍ക്കാരുമുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണെന്ന് കര്‍ഷകര്‍ പറയുന്നു. സംഭരണം വച്ചുതാമസിപ്പിക്കാന്‍ മില്ലുകാരും പാഡി ഓഫീസര്‍മാരും ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. മഴ പെയ്യുന്നതോടെ നെല്ലിലെ ഈര്‍പ്പം കൂടുമെന്നതിനാല്‍ മില്ലുകാര്‍ പറയുന്ന അളവില്‍ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. ഇത്തരത്തില്‍ മില്ലുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.