അട്ടപ്പാടി: റിപ്പോര്‍ട്ടില്‍ ഹൈക്കോടതി വിശദീകരണം തേടി

Thursday 15 March 2018 3:20 am IST

കൊച്ചി : അട്ടപ്പാടി ആദിവാസി മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പുന: ക്രമീകരിക്കാന്‍ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍  ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി ജഡ്ജിയെഴുതിയ കത്തിന്റെയടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

അട്ടപ്പാടിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗിന് ചീഫ് സെക്രട്ടറിയും ഹൈക്കോടതിയും മേല്‍നോട്ടം വഹിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ 48 വാര്‍ഡുകളില്‍ നിന്ന് വിദ്യാഭ്യാസമുള്ള രണ്ട് ആദിവാസി യുവാക്കളെ ക്ഷേമപദ്ധതികളുടെ വിലയിരുത്തലിന് നിയോഗിക്കണം. ട്രൈബല്‍ വില്ലേജ് ഓഡിറ്റേഴ്‌സായ ഇവര്‍ പഞ്ചായത്തുകള്‍ക്കും വിവിധ വകുപ്പ് മേധാവികള്‍ക്കും ജില്ലാ ഭരണകൂടത്തിനും റിപ്പോര്‍ട്ട് നല്‍കണം.

ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സമയബന്ധിതമായി ചീഫ് സെക്രട്ടറിക്ക് നല്‍കണം. ആറ് മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി അവലോകനം ചെയ്യണം. മാത്രമല്ല, ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. തുടര്‍ച്ചയായി മൂന്നു വര്‍ഷം ഇതു തുടര്‍ന്നാല്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ വലിയൊരു പരിധിവരെ തടയാനാവും, റിപ്പോര്‍ട്ട് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.