കിഴാറ്റൂരിലെ കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു : പി.കെ. കൃഷ്ണദാസ്

Wednesday 14 March 2018 9:34 pm IST

 

തളിപ്പറമ്പ്: കിഴാറ്റൂരില്‍ വയല്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ നെല്‍കര്‍ഷകര്‍ നടത്തുന്ന സമരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, കേരള പോലീസും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു. കിഴാറ്റൂര്‍ വയല്‍കിളി സമരക്കാരെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി തളിപറമ്പ് പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ ഉപരോധ സമരം ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കിഴാറ്റൂരിലെ 230 ഹെക്റ്ററോളം വരുന്ന നെല്‍വയലുകള്‍ നികത്തിയാണ് സര്‍ക്കാര്‍ റോഡ് നിര്‍മിക്കാന്‍ പോകുന്നത്. ഇതിനെതിരെ ഇവിടുത്തെ കര്‍ഷകര്‍ കഴിഞ്ഞ കുറേ മാസങ്ങളായി കുടില്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. ഇന്നലെ ഭൂമി സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ജനാധിപത്യ രീതിയില്‍ തടയാന്‍ ശ്രമിച്ച വയല്‍ കിളി സമരക്കാരെ പോലീസും, മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളും ചേര്‍ന്ന് മൃഗീയമായി അക്രമിക്കുകയായിരുന്നു. സമരപ്പന്തല്‍ സിപിഎം സംഘം തീയിട്ട് നശിപ്പിക്കുകയും സ്ത്രീകളടക്കമുള്ള സമരക്കാരെ അക്രമിക്കുകയും ചെയ്തിരുന്നു.

 സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന ഉന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതിനെതിരെ നടപടി സ്വീകരിക്കാതെ നോക്കുകുത്തിയായി മാറുകയായിരുന്നു. പോലീസ് സംരക്ഷണത്തിലാണ് സിപിഎം ക്രിമിനലുകള്‍ കീഴാറ്റൂരില്‍ അഴിഞ്ഞാടിയതെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപി നേതാക്കളായ കെ.രഞ്ജിത്ത്, എ.പി.ഗംഗാധരന്‍, പി.സത്യപ്രകാശ്, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.ടി.സോമന്‍, കെ.പി.അരുണ്‍, സി.സി.രതീഷ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.