കീഴാറ്റൂര്‍ ബൈപ്പാസ് സമരം: വെളിവായത് സിപിഎം-പോലീസ് കൂട്ടുകെട്ട്

Wednesday 14 March 2018 9:38 pm IST

 

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ പരാജയപ്പെടുത്തി സമരപ്പന്തല്‍ തീയിട്ടത് സിപിഎം-പോലീസ് കൂട്ടുകെട്ട്. ദേശീയപാത ബൈപാസിനു വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ദേശീയ പാത, റവന്യു അധികൃതര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി സമരക്കാര്‍ വയലിലെത്തിയിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കയ്യില്‍ ലാമ്പുമായാണ് സമരക്കാര്‍ നിലയുറപ്പിച്ചത്. സ്ഥലത്തെത്തിയ പോലീസ് സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് സമരക്കാര്‍ തയ്യാറായില്ല. സമരം അവസാനിപ്പിക്കണമെന്നും കലക്ടറുമായി പിന്നീട് ചര്‍ച്ച നടത്താമെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നുമുള്ള നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ഉച്ചയോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

സമരസമിതിക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് സാഹചര്യമൊരുക്കാന്‍ ഇരുനൂറോളം പോലീസുകാരോടൊപ്പം ആവശ്യമെങ്കില്‍ പോലീസിനെയും മറികടന്ന് സമരക്കാരെ പ്രദേശത്ത് നിന്നു നീക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സിപിഎം സംഘവും രാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ നൂറുകണക്കിന് സിപിഎമ്മുകാരാണ് വയലിനകത്തേക്ക് കുതിച്ചെത്തി സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചത്. സിപിഎമ്മുകാര്‍ സമരപ്പന്തല്‍ കത്തിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോല്‍ പോലും ചെറുവിരലനക്കാന്‍ പോലീസ് തയ്യാറായില്ലെന്നത് ഇരു സംഘവും തമ്മിലുള്ള രഹസ്യ ധാരണണ് വ്യക്തമാക്കുന്നത്.

ഗ്രാമവാസികളുടെ സമരത്തെ നേരിടാന്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് തൊട്ടു പിന്നിലായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ സിപിഎം സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇവരെ സ്ഥലത്ത് നിന്ന് നീക്കാനോ നിയന്ത്രിക്കാനോ പോലീസ് തയ്യാറായില്ല. സിപിഎം സംഘം സ്ഥലത്ത് അതിക്രമിച്ച് കയറി സമരപ്പന്തല്‍ അടിച്ച് തകര്‍ത്ത് കത്തിച്ചപ്പോഴും പോലീസ് പ്രതികരിച്ചില്ല. സമരപ്പന്തല്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നതിന് ശേഷമാണ് പോലീസ് സിപിഎം സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റാനും തീയണക്കാനും ശ്രമിച്ചത്. സമരക്കാരെ സ്ഥലത്ത് നിന്ന് മാറ്റി വയല്‍ അളന്ന് തിട്ടപ്പെടുത്താനുള്ള സാഹചര്യമൊരുക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു സിപിഎം സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. വയല്‍ നികത്തലിനെതിരെ സമരവുമായി രംഗത്തിറങ്ങിയ പ്രദേശവാസികള്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ സിപിഎം നേതൃത്വം രംഗത്തിറങ്ങിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.