ഏറ്റവും അസാധാരണമായ ജീവിതം

Thursday 15 March 2018 3:30 am IST
"undefined"

ഇരുപത്തൊന്നാം വയസുവരെ സാധാരണ ജീവചരിത്രം തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റേത്. ബ്രിട്ടനിലെ ഓക്‌സ്ഫഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനു ജനനം എന്നു കുറിച്ചു തുടങ്ങാവുന്നത്ര സാധാരണ ജീവിതം. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ബിരുദ പഠനം പൂര്‍ത്തിയാക്കി കേംബ്രിഡ്ജില്‍ ഗവേഷണത്തിനു പോകാന്‍ തയാറെടുക്കുന്ന കാലം, 1962. പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. ന്യൂറോണ്‍ ഡിസീസ് എന്ന വിശേഷണം കൂടിയുള്ള, കോശങ്ങളെ ബാധിക്കുന്ന അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അപൂര്‍മായ രോഗമാണെന്നു കണ്ടെത്തി.

ഏറിയാല്‍ രണ്ടു വര്‍ഷം, അതിനപ്പുറം ആയുസു കല്‍പ്പിച്ചിരുന്നില്ല ഡോക്ടര്‍മാര്‍. എന്നാല്‍ പിന്നെയും അമ്പത്താറു വര്‍ഷം ഈ ഭൂമിയില്‍ തേജസ്സുറ്റ സാന്നിധ്യമായി ഹോക്കിങ് ജീവിച്ചു. സമയമടുത്തു എന്നു കരുതിയ ഹോക്കിങ് സമയത്തെക്കുറിച്ചുള്ള വിഖ്യാതമായ കണ്ടെത്തലുകളുമായി ഈ ലോകത്തു ജീവിച്ചു. 1966ല്‍ ഡോക്ടറേറ്റ് നേടി.

ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് ജീവിതം വീല്‍ചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴി ഈ ലോകത്തോടു സംസാരിച്ചു. മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. 

കേംബ്രിഡ്ജ് സര്‍വകാലാശാലയില്‍ പഠിക്കുന്ന കാലത്തു പരിചയപ്പെട്ട ജെയ്ന്‍ വൈല്‍ഡ് 1965ല്‍ ഹോക്കിങ്ങിന്റെ ജീവിതപങ്കാളിയായി. ഇവര്‍ക്കു മൂന്നു മക്കള്‍ റോബര്‍ട്ട്, തൂസി. തിമോത്തി. 1985ല്‍ ഈ ബന്ധം അവസാനിച്ചു. തന്നെ ശുശ്രൂഷിക്കാനെത്തിയ ഇലൈന്‍ മാസണിനെ 1995ല്‍ ഹോക്കിങ് വിവാഹം കഴിച്ചു. ഞാന്‍ സ്‌നേഹിക്കുന്ന സ്ത്രീയെ ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നു എന്നാണ് ഹോക്കിങ് എന്നു പ്രതികരിച്ചത്. 2006ല്‍ ഈ ബന്ധവും അവസാനിച്ചു. ആദ്യ ഭാര്യ ജെയ്‌നുമായും മക്കളുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടു പോയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.