കാലാതീതമായ ശാസ്ത്ര സമസ്യകളിൽ കൈവിട്ടുപോയ നൊബേൽ

Thursday 15 March 2018 3:40 am IST
"undefined"

ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കുകയും അടിവരയിട്ടുറപ്പിച്ച പല ധാരണകളെയും തിരുത്തിക്കുറിക്കുകയും ചെയ്ത യുഗപ്രഭാവനായ ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. എന്നിട്ടും പരമോന്നത ശാസ്ത്ര ബഹുമതിയായ നൊബേല്‍ സമ്മാനം ഈ ബഹുമുഖ പ്രതിഭയില്‍ നിന്ന് അകന്നുനിന്നു. കാലാതീതമായ ശാസ്ത്രസമസ്യകള്‍ തെളിയിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമായി.

ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയാണ് ഹോക്കിങ്. ഭീമന്‍ നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വികിരണങ്ങളില്‍ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അവ വായിച്ചെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നു മാത്രമേയുള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പുതിയ വാദം.

ഒരു തമോഗര്‍ത്തത്തിലേക്ക് വീഴുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറമെനിന്ന് വീക്ഷിക്കുന്നയാള്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിദ്ധാന്തത്തെയാണ് അദ്ദേഹം തിരുത്തിയെഴുതിയത്. തമോഗര്‍ത്തങ്ങള്‍ക്കു പകരം തവിട്ടുഗര്‍ത്തങ്ങളാണുള്ളതെന്ന് പറഞ്ഞ് ഹോക്കിങ് പിന്നെയും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തപ്പെടുന്ന ദ്രവ്യവും ഊര്‍ജ്ജവും പിന്നീട് മോചിപ്പിക്കപ്പെടുന്ന പ്രപഞ്ചത്തിലെ തവിട്ടുഗര്‍ത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് പുതിയ അറിവായിരുന്നു.

തമോഗര്‍ത്തത്തിലെ അതിശക്തമായ ഗുരുത്വബലത്തിന്റെ പിടിയില്‍,  അതില്‍പ്പെടുന്ന മുഴുവന്‍ ദ്രവ്യവും നശിക്കുമെന്ന സങ്കല്‍പ്പത്തിനു വിരുദ്ധമായി 'ഹോക്കിങ് വികിരണ'ത്തിന്റെ രൂപത്തില്‍ വീണ്ടും ബാഹ്യപ്രപഞ്ചത്തില്‍ എത്താന്‍ കഴിയുമെന്ന ഹോക്കിങ്ങിന്റെ വാദം നൊബേല്‍ സമ്മാനം ക്ഷണിച്ചുവരുത്തുമെന്നാണ് ശാസ്ത്രസമൂഹം കരുതിയിരുന്നത്. എന്നാല്‍ ഈ സിദ്ധാന്തം തെളിയിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. അന്ത്യകാലം കണക്കാക്കാന്‍ കഴിയാത്തത്രവിധം ദൈര്‍ഘ്യമേറിയ ജീവിതകാലമാണ് തമോഗര്‍ത്തങ്ങള്‍ക്കുള്ളത്. ഇതു തെളിയിക്കപ്പെട്ടിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം അദ്ദേഹത്തിന് ഉറപ്പായിരുന്നുവെന്ന് നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച ദ സയന്‍സ് ഓഫ് ലിബര്‍ട്ടി എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.