ലൈറ്റ് മെട്രോയും ലാവ്ലിനും

Thursday 15 March 2018 4:05 am IST

കേരളത്തിന്റെ, വിശിഷ്യാ ഭാരതത്തിന്റെ, ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ഓരോ മലയാളിയുടേയും അഭിമാനമാണ്, സ്വകാര്യ അഹങ്കാരമാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍. അദ്ദേഹത്തെ കേരളസര്‍ക്കാര്‍ തിരിച്ചയച്ച രീതി പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആയിരുന്നു ഈ സംഭവമെങ്കില്‍ തമിഴകം ഇപ്പോള്‍ കത്തിയെരിയുന്നുണ്ടാവും. ഇന്ത്യയിലുള്ള എല്ലാ അഗ്‌നിശമനയൂണിറ്റുകളും അവിടെ വിന്യസിച്ചാല്‍ പോലും ആ തീയണയ്ക്കാന്‍ അവ പര്യാപ്തമാകുമായിരുന്നില്ല. ഒരുകണക്കില്‍ അട്ടപ്പാടിയിലെ മധുവിന്റെ മരണം പോലും ഇത്തരം ചുവടുമാറ്റങ്ങളുടെ പരിണതഫലമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആദിവാസിക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ചിട്ടും അവരുടെ ഒരുചാണ്‍ വയറിന്റെ വിളിക്ക് പരിഹാരമാകാത്തതുകൊണ്ടാണല്ലോ മധുവിന് സ്വന്തം ജീവന്‍കൊണ്ട് എന്നെന്നേക്കുമായി വിശപ്പടക്കേണ്ടിവന്നത്.

മെട്രോമാന്‍, മിസൈല്‍മാന്‍ തുടങ്ങിയ പദവികള്‍ സര്‍ക്കാരിന്റെ ഒരു സംവിധാനവും നല്‍കിയതല്ല. ഈ വ്യക്തികളുടെ ചില സ്വഭാവസവിശേഷതകള്‍ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ പതിച്ചതിന്റെ ഫലമായി അവര്‍ നല്‍കിയതാണ്. ആ പദവിയെ അവഹേളിക്കുവാനുള്ള ഏതൊരു നീക്കവും ജനങ്ങളുടെ മാറത്തേല്‍ക്കുന്ന പാദപതനമായേ പരിഗണിക്കുകയുള്ളൂ.

എന്താണ് ശ്രീധരന്റെ യോഗ്യതയും അയോഗ്യതയും. മിടുമിടുക്കന്മാരെന്ന് ഞാനും നിങ്ങളും സാക്ഷ്യപത്രം നല്‍കിയ പാശ്ചാത്യരായ സാങ്കേതികവിദഗ്ധര്‍ മാസങ്ങളോളം വേണമന്ന് ഉറപ്പിച്ചു പറഞ്ഞ പാമ്പന്‍ പാലം പൊതുജനങ്ങളുടെ ദയനീയാവസ്ഥയും സര്‍ക്കാരിന്റെ താല്‍പര്യങ്ങളും കണക്കിലെടുത്ത് കേവലം 46 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിക്കൊടുത്തു. അസാധ്യമെന്ന് പാശ്ചാത്യലോകം വിധിയെഴുതിയ കൊങ്കണ്‍ റെയില്‍വെ സാധ്യമാക്കിയെന്നുമാത്രമല്ല, അതില്‍ കുറെ അത്ഭുതങ്ങളും തുന്നിച്ചേര്‍ത്തു. ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഇതെങ്ങിനെ സാധിച്ചു എന്ന് പരിശോധിച്ചാല്‍ ലഭിക്കുന്ന ഉത്തരം അദ്ദേഹത്തിന്റെ സത്യസന്ധത, നിശ്ചയദാര്‍ഢ്യം, കര്‍മ്മകുശലത, ലക്ഷ്യവേധത്തിനുള്ള കഴിവ് എന്നിവമൂലമാണെന്ന് കാണാം. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ഇത്തരം ടെക്‌നോക്രാറ്റുകളെ കണ്ടെത്തി നിയതമായ മാര്‍ഗ്ഗത്തില്‍ പ്രോത്സാഹിപ്പിക്കുവാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രാഗത്ഭ്യം. 

ശ്രീധരന്റെ അയോഗ്യത അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലായ്മയാണ്. രാഷ്ട്രീയനേതൃത്വം ഇഷ്ടപ്പെടാത്തതും അതാണ്. ലൈറ്റ്‌മെട്രൊ മറ്റൊരു ലാവ്ലിനാക്കാന്‍ വാഴപ്പിണ്ടികൊണ്ട് നിര്‍മ്മിച്ച നട്ടെല്ലുള്ള സാങ്കേതിക വിദഗ്ധരാണാവശ്യം. മെട്രോമാന്‍ ആ വിടവിലേക്ക് അയോഗ്യനാണ്.

കൊച്ചി മെട്രൊ നഷ്ടത്തിലാണെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവ്‌കേടാണ്. ശ്രീധരന്റേതല്ല.

ലൈറ്റ് മെട്രോ മലയാളിയുടെ ചിരകാലാഭിലാഷമാണ്. കേന്ദ്രപദ്ധതിയായി നടപ്പാക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്യാപ്ടന്‍ കെ. വേലായുധന്‍ 

കല്ലായി,കോഴിക്കോട് 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.