ഓപ്പറേഷൻ ശരണബാല്യം കടലാസിലൊതുങ്ങി;കുട്ടികളെ എത്തിച്ച് ലക്ഷങ്ങൾ കൊയ്യുന്ന സംഘം സജീവം

Thursday 15 March 2018 4:10 am IST

മലപ്പുറം: ബാലവേലയും ബാലഭിക്ഷാടനവും തടയാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പാക്കിയ ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി കടലാസിലൊതുങ്ങി. ഇതോടെ ബാലവേലയ്ക്ക് കുട്ടികളെ എത്തിക്കുന്ന  മാഫിയ വീണ്ടും ശക്തമായി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തെക്കന്‍ കേരളത്തില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മലബാര്‍ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതര സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ നിന്ന് 2,000 മുതല്‍ 15,000 വരെ രൂപ നല്‍കി വാങ്ങുന്ന കുട്ടികളെ ബാലവേലക്കെത്തിച്ച് ലക്ഷങ്ങള്‍ കൊയ്യുകയാണ് ഇക്കൂട്ടര്‍. 

ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഏറെയും. ഇവരില്‍ പത്ത് വയസ്സ് തികയാത്തവരും ഉള്‍പ്പെടുന്നു. അടിമകള്‍ക്ക് ഏറെ ആവശ്യക്കാരുള്ളത് മലപ്പുറത്താണ്. ജനങ്ങള്‍ ശ്രദ്ധിക്കാത്ത സ്ഥലങ്ങളിലാണ് കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത്.

വീടുകളുടെയും ഹോട്ടലുകളുടെയും പിന്നാമ്പുറങ്ങളിലും കെട്ടിട നിര്‍മ്മാണ മേഖലയിലും ആരുമറിയാതെ കുട്ടികള്‍ പണിയെടുത്തുകൊണ്ടിരിക്കുന്നു. ഇവരുടെ ശമ്പളം എല്ലാ മാസവും കൈക്കലാക്കുന്നതും ഇത്തരം സംഘങ്ങളാണ്. മൂന്ന് നേരവും കൃത്യമായി ഭക്ഷണം കിട്ടുന്നതിനാല്‍ കുട്ടികളാരും പ്രതികരിക്കാറുമില്ല.

2011ലെ സെന്‍സസ് അനുസരിച്ച് മലപ്പുറം ജില്ലയില്‍ മാത്രം 5023 കുട്ടികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടിത്തൊഴിലാളികളുടെ എണ്ണം 15000 പിന്നിട്ടു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2011ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കുട്ടിത്തൊഴിലാളികള്‍ ഉണ്ടായിരുന്നത് വയനാട് ജില്ലയിലാണ്, 1254 പേര്‍. 2018 ആയപ്പോഴും അതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബാലവേല ചെയ്യുന്ന കുട്ടികളെ ചൈല്‍ഡ് ലൈന്‍ കണ്ടെത്തിയാലും മാതാപിതാക്കളെന്ന വ്യാജേന അവരെ ഏറ്റെടുക്കാന്‍ വരുന്നത് മാഫിയകളുടെ ഏജന്റുമാരായിരിക്കും. രക്ഷപ്പെട്ടെന്ന് കരുതുന്ന കുട്ടികള്‍ അങ്ങനെ മറ്റൊരു സ്ഥലത്ത് ജോലിക്ക് നിയോഗിക്കപ്പെടുന്നു.

ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അവകാശവാദം. ബാലഭിക്ഷാടനവും ബാലവേലയും പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വെറും വാക്കുകളിലൊതുങ്ങി. സര്‍ക്കാര്‍ ഇനിയും ഗൗരവമായി ഈ വിഷയത്തെ സമീപിച്ചില്ലെങ്കില്‍ ദാരുണസംഭവങ്ങള്‍ വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.