മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടി

Thursday 15 March 2018 4:25 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം മന്ത്രിമാരുടെ ശമ്പളം 52,000ല്‍ നിന്ന് 90,000 രൂപയായും എം.എല്‍.എമാരുടേത് 39,000ല്‍ നിന്ന് 62,000 രൂപയായും വര്‍ധിക്കും. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ജെയിംസ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനം. കഴിഞ്ഞ അഞ്ചു വര്‍ഷമായി മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ശമ്പള വര്‍ധനാ ബില്‍ അവതരിപ്പിക്കും.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കരടു മദ്യനയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌കോച്ച് വിസ്‌കി അടക്കമുള്ള വിദേശ നിര്‍മിത മദ്യങ്ങള്‍ക്ക് പ്രത്യേക ഔട്ട് ലെറ്റുകള്‍ സംസ്ഥാനത്ത് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. നാട്ടികയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ആരംഭിക്കും. ഇതിനായി 7 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ധനകാര്യ കമ്മീഷന്‍ സെല്‍ രൂപീകരിക്കുന്നതിന് 14 തസ്തികകള്‍ സൃഷ്ടിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.