ന്യൂനമർദ്ദം ദിശ മാറി; ശക്തി കുറഞ്ഞു; കേരളതീരത്ത് ആശ്വാസം

Thursday 15 March 2018 5:05 am IST
"undefined"

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇനി തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യത ഇല്ല. ദിശമാറി തിരുവനന്തപുരത്തിന് 340 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറായി മിനിക്കോയ് ദ്വീപിന് 130 കിലോമീറ്ററിനടുത്തായാണ് ന്യൂനമര്‍ദ്ദം നിലകൊള്ളുന്നത്. അതിനാല്‍ കേരള തീരത്തിന് ആശങ്കവേണ്ട. ലക്ഷദ്വീപ്, മിനിക്കോയ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. 

വ്യാഴാഴ്ച വരെ കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചിട്ടുണ്ട്. കേരളതീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ വരെ നാലുമുതല്‍ അഞ്ച് മീറ്റര്‍വരെ തിരമാലകള്‍ ഉയരാനിടയുണ്ട്. അതിനാല്‍  മത്സ്യബന്ധനത്തിന് ഇന്നുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ തെക്കന്‍ തീര പ്രദേശങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 45 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 

കാറ്റിന്റെ ദിശ മാറിയതോടെ കേരള തീരത്ത് ആശ്വാസമായി. കഴിഞ്ഞ അഞ്ചുദിവസമായി മത്‌സ്യബന്ധനം നടക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ വിലക്ക് ലംഘിച്ച് മത്സ്യബന്ധനത്തിനു പോയവരെയും തിരികെ അയച്ചു. തെക്കന്‍ കേരളത്തിലും കന്യാകുമാരി ജില്ലയിലും മഴ ലഭിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ചിലയിടത്തും, വിതുരയിലും, ആര്യന്‍കാവിലും പത്ത് സെന്റിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചിട്ടില്ല. ജില്ലാ ഭരണകൂടവും. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും, പോലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.