അയോധ്യ; മുഴുവൻ ഹർജികളും തള്ളി

Thursday 15 March 2018 5:10 am IST
"undefined"

ന്യൂദല്‍ഹി: രാമജന്മഭൂമി കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായവരുടെ ഹര്‍ജികള്‍ മാത്രമാകും പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.എ. നജീബ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 23ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. 

സുബ്രഹ്മണ്യന്‍ സ്വാമി, ടീസ്ത സെതല്‍വാദ്, സംവിധായകരായ അപര്‍ണ സെന്‍, ശ്യാം ബെനഗല്‍, തുടങ്ങി 32 പേരുടെ ഹര്‍ജികളാണ് കോടതിക്ക് മുന്‍പാകെ ഉണ്ടായിരുന്നത്. ശ്രീരാമന്റെ ജന്മസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നത് തന്റെ മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ റിട്ട് ഹര്‍ജി നല്‍കിയപ്പോഴാണ് കേസില്‍ കക്ഷി ചേരാന്‍ കോടതി സ്വാമിയോട് നിര്‍ദ്ദേശിച്ചത്. കക്ഷി ചേരേണ്ടെന്നാണ് നിലപാടെങ്കില്‍ ആദ്യം നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു. ആരാധനക്കുള്ള അവകാശം ഭൂമി തര്‍ക്കത്തേക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട് ഹര്‍ജി മറ്റേതെങ്കിലും ബെഞ്ച് പരിഗണിക്കുമെന്ന് കോടതിയും വ്യക്തമാക്കി. 

കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കുന്നതില്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേസിലെ കക്ഷികളാണ് തീരുമാനമെടുക്കേണ്ടത്. പരിഹരിക്കണമെന്നോ പരിഹരിക്കേണ്ടെന്നോ പറയാനാകില്ല. ഒത്തുതീര്‍പ്പിന് ആരെയെങ്കിലും നിര്‍ദ്ദേശിക്കാനോ ഏര്‍പ്പാടാക്കാനോ കോടതിക്ക് സാധിക്കില്ല. ഇരു ഭാഗത്തുള്ള അഭിഭാഷകര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാല്‍ അനുവദിക്കും. ബെഞ്ച് വിശദീകരിച്ചു.

കേസ് ഭൂമി തര്‍ക്കം മാത്രമായാണ് പരിഗണിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയ കോടതി പുറത്ത് സമവായത്തിലൂടെ പ്രശ്‌നം പരിഹരിച്ചുകൂടേയെന്നും ചോദിച്ചിരുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാം ലാല, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിങ്ങനെ തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീം കോടതിയില്‍ നടക്കുന്നത്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.