പെൻഷൻ വിതരണം തുടങ്ങിയില്ല; ലഭിച്ചത് മൂന്ന് പേർക്ക് മാത്രം

Thursday 15 March 2018 4:34 am IST
"undefined"

: ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി എന്ന പേരില്‍ തുടങ്ങിയ ലക്ഷം തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ മേയ് 31ന് പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. നിലവില്‍ പദ്ധതിയിലുള്‍പ്പെട്ട 1500റിലേറെപ്പേര്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ്. ഉദ്ഘാടനദിവസം വിതരണം ചെയ്ത മൂന്നു പേര്‍ക്കൊഴിച്ച് മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. 

1994ലാണ് പദ്ധതി തുടങ്ങിയത്. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പു മുഖേന നടപ്പാക്കിയ പദ്ധതിയില്‍ 1,04,213 പേരായിരുന്നു അംഗങ്ങള്‍. നിലവില്‍ 85,000 അംഗങ്ങളുണ്ട്. ഓരോരുത്തരും 1100 രൂപ വീതമാണ് അടച്ചത്. ആയിരം രീപയായിരുന്നു സര്‍ക്കാര്‍ വിഹിതം. 

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ അടച്ച് പദ്ധതിയില്‍ അംഗമാകാമായിരുന്നു. അവര്‍ക്കായി സര്‍ക്കാര്‍ 2000 രൂപ വീതമാണ് അടച്ചത്. എഴുത്തും വായനയും അറിയുകയും കൃഷി മുഖ്യതൊഴിലായി സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന 20 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും ചേരാവുന്നതായിരുന്നു പദ്ധതി. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അഞ്ചു വയസ് ഇളവുമുണ്ടായിരുന്നു.

പദ്ധതി പ്രകാരം 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 1000 രൂപ പെന്‍ഷനും 30,000 രൂപ ഗ്രാറ്റുവിറ്റിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. അന്ന് പദ്ധതിയിലേക്കെത്തിയ തുക പലിശയടക്കം ശതകോടിക്കു മുകളിലെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പെന്‍ഷന്‍ തുക കാലാനുസൃതമായി പരിഷ്‌കരിച്ച് 10,000 രൂപയും ഗ്രാറ്റുവിറ്റി മൂന്നു ലക്ഷം രൂപയുമാക്കണമെന്നാണ് പദ്ധതിയിലെ അംഗങ്ങളുടെ ആവശ്യം. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

പദ്ധതിയില്‍ അംഗങ്ങളല്ലാത്തവരെക്കൂടി ഉള്‍പ്പെടുത്തി കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനും അതിലൂടെ 10,000 രൂപ പെന്‍ഷന്‍ നല്‍കാനുമാണ് നിലവില്‍ സര്‍ക്കാരിന്റെ ആലോചന. പെന്‍ഷനു പുറമേ അംഗം മരിച്ചാല്‍ അഞ്ചു ലക്ഷം രൂപയും കുടുംബ പെന്‍ഷനായി 5000 രൂപയും നല്‍കാമെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍  23 വര്‍ഷമായി കാത്തിരിക്കുന്ന നിലവിലുള്ള പദ്ധതിയിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുത്ത ശേഷമേ പുതിയ ബോര്‍ഡ് രൂപീകരിക്കാവൂ എന്നാണ് അംഗങ്ങളുടെ ആവശ്യം. നിലവില്‍ പെന്‍ഷന് അര്‍ഹതയുള്ളവര്‍ മുഴുവന്‍ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. 2020 മുതല്‍ മാത്രമേ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന് അര്‍ഹതയാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.