അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി ദിനകരന്‍

Thursday 15 March 2018 11:29 am IST
"undefined"

ചെന്നൈ: ആര്‍.കെ. നഗര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി. ദിനകരന്‍ തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മധുരയിലെ മേലൂരില്‍ എംജിആര്‍, ജയലളിത, വി.കെ. ശശികല തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദിനകരന്‍ 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 

അണ്ണാ ഡിഎംകെയെ വഞ്ചിച്ചവരില്‍ നിന്നും രണ്ടില ചിഹ്നം വീണ്ടെടുക്കുന്നതു വരെ പ്രഷര്‍കുക്കറാണ് പാര്‍ട്ടി ചിഹ്നമെന്ന് ദിനകരന്‍ അറിയിച്ചു. ജയലളിതയുടെ ആശയങ്ങള്‍ക്കനുസരിച്ചായിരിക്കും പാര്‍ട്ടിയുടെ നടത്തിപ്പെന്നും ദിനകരന്‍ പറഞ്ഞു. കൂടാതെ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്തതാണ് പാര്‍ട്ടിയുടെ കൊടി.

അതേസമയം പാര്‍ട്ടി പ്രഖ്യാപനം നടത്തി അധികം വൈകാതെ ദിനകരനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. കൊതുകിനു സമാനമാണ് ദിനകരനെന്നും, കൊതുക് എപ്പോള്‍ വരുന്നെന്നും എപ്പോള്‍ പോകുന്നെന്നും ആര്‍ക്കും പറയാനാകില്ലെന്നും തമിഴ്‌നാട് മന്ത്രി ഡി. ജയകുമാര്‍ പ്രതികരിച്ചു. 

ഫെബ്രുവരി 21ന് മധുരയില്‍ വച്ചാണ് കമലഹാസന്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരുമാസത്തിനിടെ തമിഴ്‌നാട്ടില്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണിത്. രജനീകാന്തിന്റെ ഹിമാലയന്‍ യാത്രയ്ക്കു ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകും.

ജയലളിതയുടെ മരണശേഷം ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് ദിനകരന്‍ വിജയിച്ചിരുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ ഇ. മധുസൂദനനെയാണ് ദിനകരന്‍ തോല്‍പ്പിച്ചത്.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ രണ്ട് വിഭാഗങ്ങളായിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികലയും ദിനകരനും ചേര്‍ന്ന വിമത പക്ഷവും. എന്നാല്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എപിഎസ്-ഒപിഎസ് പക്ഷത്തിനാണ് ലഭിച്ചത്. ഇത് വിമതപക്ഷത്തിന് വന്‍ തിരിച്ചടിയായിരുന്നു.

രണ്ടില ചിഹ്നത്തിനായി കൈക്കൂലി തരാമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദിനകരനെതിരെ ദല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.