ഡി സിനിമാസിനെതിരെ കേസെടുത്ത് അന്വേഷിക്കണം: വിജിലന്‍സ് കോടതി

Thursday 15 March 2018 12:11 pm IST

തൃശൂര്‍: ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ വിവാദത്തില്‍ നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിയേറ്റര്‍ ഭൂമിയിടപാടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. 

ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറിയെന്നും ഈ ഭൂമിയിടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പി.ഡി. ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡി സിനിമാസ് എന്ന പേരില്‍ ആഡംബര തിയേറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി ദിലീപ് വ്യാജരേഖ ചമച്ച് കൈയേറിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. 

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ ഭൂമി 2005-ല്‍ ദിലീപ് എട്ട് ആധാരങ്ങളുണ്ടാക്കി കൈവശപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തൃശൂര്‍ മുന്‍ കളക്ടര്‍ എം.എസ്. ജയ, നടന്‍ ദിലീപ് എന്നിവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തേ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, സിനിമാ തിയേറ്ററിന്റെ ഭൂമിയിടപാടില്‍ അപാകത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. ദിലീപിന് അനുകൂലമായി കോടതിയില്‍ വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തള്ളിയത്. 

ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ദിലീപിനു പുറമേ എം.എസ്. ജയയെയും കേസില്‍ എതിര്‍കക്ഷിയാക്കും. അതേസമയം, ഭൂമി കൈയേറ്റം സംബന്ധിച്ച പരാതി ലോകായുക്തയും തൃശൂര്‍ കളക്ടറും പരിഗണിക്കുന്നുണ്ട്. വാദം പൂര്‍ത്തിയായെങ്കിലും അന്തിമ തീരുമാനം കളക്ടര്‍ ഡോ. എ. കൗശികന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.