ഇന്ത്യയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

Thursday 15 March 2018 2:21 pm IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ പാക്കിസ്ഥാന്‍ തിരികെ വിളിപ്പിച്ചു. പാക് വിദേശകാര്യ ഉദ്യോഗസ്ഥരെ ഇന്ത്യ പീഡിപ്പിക്കുകയാണെന്നാരോപിച്ചാണ് പാക് നടപടി. എന്നാല്‍ സൊഹൈല്‍ മഹ്മൂദിന്റെ തിരിച്ചു പോക്ക് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ഇന്ത്യ പ്രതികരിച്ചു. 

ന്യൂദല്‍ഹിയിലെ പാക് സ്ഥാനപതി കാര്യാലയത്തില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കുന്നില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ഇസ്ലാമാബാദില്‍ ആരോപിച്ചു. നിരവധി സംഭവങ്ങള്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. 

ഇസ്ലാമാബാദില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യന്‍ അധികാര മേഖലയില്‍ അതിക്രമിച്ചു കയറിയ പാക് ചാരന്മാര്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായും അപമര്യാദയായി പെരുമാറിയതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ പാക് വിദേശകാര്യ സെക്രട്ടറിയെ കണ്ട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടികളുണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ദല്‍ഹിയിലെ പാക് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ ഏജന്‍സികള്‍ ഉപദ്രവിക്കുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. 

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലത്തെ വിച്ഛേദിച്ച വൈദ്യുതി രണ്ടാഴ്ചക്കാലത്തോളം പുനസ്ഥാപിച്ചില്ലെന്ന് ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ കുറ്റപ്പെടുത്തി. ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ ബിസാരിയയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ സംഭവവുമുണ്ടായിരുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും നിരന്തരം അപമാനിക്കുന്ന പാക് ഏജന്‍സികളുടെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധത്തിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.