പ്രതികള്‍ക്ക് സിപിഐ നല്‍കിയ സ്വീകരണം; കുടുംബത്തെ തളര്‍ത്തിയെന്ന് സുഗതന്റെ മക്കള്‍

Thursday 15 March 2018 3:42 pm IST

 

പത്തനാപുരം: സുഗതന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ക്ക് സിപിഐ നേതൃത്വം ഒരുക്കിയ സ്വീകരണം തങ്ങളെ കൂടുതല്‍ വേദനിപ്പിച്ചെന്ന് സുഗതന്റെ കുടുംബം. മക്കളായ സുനിലും സുജിത്തുമാണ് ജന്മഭൂമിയോട് വേദന പങ്കുവച്ചത്. 

അച്ഛനെ കൊല്ലിച്ചിട്ടും അവരുടെ പക തീര്‍ന്നിട്ടില്ല. സ്വീകരണവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞത് മുതല്‍ വലിയ മനോവിഷമത്തിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു. നിലവിലുളള അന്വേഷണത്തിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കണ്ടിരുന്നു. പക്ഷെ പിന്നീടൊന്നും അറിയിച്ചില്ല. സഹായങ്ങളെല്ലാം വാഗ്ദാനത്തിലൊതുങ്ങി. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടുപോവുകുവെന്നും മക്കള്‍ വ്യക്തമാക്കി. 

സുഗതന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഗിരീഷ്, ഇമേഷ്, സതീഷ് എന്നീ പ്രതികളെ രക്തഹാരം അണിയിച്ച് സിപിഐ നേതൃ ത്വം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അതേ സമയം വര്‍ക്‌ഷോപ്പില്‍ വൈദ്യുതികണക്ഷന്‍ എടുക്കാനാവശ്യമായ എന്‍ഒസി സുഗതന്റെ കുടുംബത്തിന് വിളക്കുടി പഞ്ചായത്ത് സെക്രട്ടറി ഇന്നലെ നല്‍കി. സിപിഐ അംഗങ്ങളുടെ എതിര്‍പ്പിനിടെയാണ് വിളക്കുടി പഞ്ചായത്ത് അനുമതി നല്‍കിയത്. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലുളള വര്‍ക്‌ഷോപ്പ് നിര്‍മാണ സ്ഥലത്ത് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അതേ സ്ഥലത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത്, കുടുംബത്തിന് എന്‍ഒസി നല്‍കിയത്. എന്‍ഒസി നല്‍കുന്നതിന് ഭരണസമിതി യോഗത്തില്‍ നാലു സിപിഐ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

കൂടാതെ പ്രതിപക്ഷമായ യുഡിഎഫും സിപിഎമ്മിനെ പിന്തുണച്ചു. എന്‍ഒസി ലഭിച്ചതോടെ വര്‍ക്‌ഷോപ്പിന് വൈദ്യുതികണക്ഷന് അപേക്ഷിക്കാന്‍ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.