വ്യോമാഭ്യാസപ്രകടനം ആരംഭിച്ചു സംവേദനവുമായി ദക്ഷിണ വ്യോമസേന

Friday 16 March 2018 2:00 am IST

 

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സിനു ചെന്നെത്താന്‍ സാധിക്കാത്ത അത്യാഹിതങ്ങളില്‍ തീ അണയ്ക്കല്‍... ഓഖി പോലുള്ള ദുരന്തങ്ങളില്‍ കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തല്‍... ഭാരതീയ വായുസേനയ്ക്കു മാത്രം സാധ്യമാകുന്ന പ്രകടനങ്ങള്‍ കാണികളെ ആകാംക്ഷയിലാഴ്ത്തി ദക്ഷിണവ്യോമസേനയുടെ വ്യോമാഭ്യാസപ്രകടനത്തിന് ശംഖുംമുഖത്ത് തുടക്കമായി. നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വ്യോമസേനയുമായി സഹകരിച്ച്  നടത്തുന്ന ആദ്യ വ്യോമാഭ്യാസമാണ് സംവേദന എന്ന പേരില്‍ ശംഖുംമുഖം തീരത്ത് അരങ്ങേറിയത്.

കാട്ടുതീ പോലുള്ള അത്യാഹിതങ്ങളില്‍ ഫയര്‍ഫോഴ്‌സിനു ചെന്നെത്താന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ തീ കെടുത്തുന്നതായിരുന്നു പ്രകടനത്തിലാദ്യം അരങ്ങേറിയത്. ഹെലികോപ്ടറിലെ ബാംബി ബക്കറ്റ് ഉപയോഗിച്ച് ജലാശയങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ചശേഷം ബക്കറ്റിലെ പ്രത്യേകസംവിധാനം വഴി തീപടരുന്ന മേഖലകളിലേക്ക് തളിക്കും. ഫയര്‍ഫോഴ്‌സിന് ചെന്നെത്താന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ഇങ്ങനെ തീ കെടുത്തും.   

ഓഖി പോലുള്ള ദുരന്തങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതും പ്രദര്‍ശിപ്പിച്ചു. ഹെലികോപ്ടറില്‍ എത്തുന്ന സേനാംഗങ്ങള്‍  ഇരുമ്പ് കയര്‍ ഉപയോഗിച്ച് കടലിലേക്ക് ഇറങ്ങും. ദുരന്തത്തില്‍പ്പട്ടയാളെ അതേ കയര്‍ വഴി ഹെലികോപ്ടറില്‍ എത്തിക്കും. ഈ സമയം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ വെള്ളത്തില്‍ ഉണ്ടാകും. പരമാവധിപേരെ രക്ഷപ്പെടുത്തി ഹെലികോട്പറില്‍ എത്തിച്ചശേഷമേ കടലിലിറങ്ങിയ സൈനികര്‍ തിരികെ ഹെലികോപ്ടറില്‍ കയറൂ. വായുസേനയുടെ രണ്ട് ഹെലികോപ്ടറുകളാണ് വ്യോമാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തത്. സൈനികരുള്‍പ്പെടെ നിരവധിപേര്‍ പ്രകടനങ്ങള്‍ക്ക് ദൃക്‌സാക്ഷികളായി. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ എന്നീ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങളും പങ്കെടുത്തു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനരീതി രാജ്യം ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് 'സഹാനുഭൂതി' എന്നര്‍ഥം വരുന്ന 'സംവേദന' വ്യോമാഭ്യാസപ്രകടനം നടത്തുന്നത്. 

ഭാവിയില്‍ കൂടുതല്‍ അയല്‍രാജ്യങ്ങളുമായി സഹകരിച്ച് ദുരന്തനിവാരണ വ്യോമാഭ്യാസങ്ങള്‍ പരിഷ്‌കരിക്കാനും ഇത്തരം വ്യോമാഭ്യാസ പ്രകടനങ്ങള്‍ സഹായമാകും. ഇന്ന് രാവിലെ 9.30ന് എയര്‍ഫേഴ്‌സ് ടെക്‌നിക്കല്‍ ഏര്യയില്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ സംവിധാനത്തിന്റെ പ്രകടനം നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.