'നഴ്‌സുമാര്‍ നിരാഹാരം കിടന്ന് ചത്താല്‍ സിപിഎമ്മിന് പ്രശ്‌നമല്ലെന്നറിയാം'

Friday 16 March 2018 3:30 am IST
"undefined"

ആലപ്പുഴ: ചെങ്ങന്നൂരിലെ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നഴ്‌സുമാരുടെ സംഘടന. 'തങ്ങള്‍ നിരാഹാരം കിടന്ന് ചത്തുപോയാലും താങ്കള്‍ക്കും പ്രസ്ഥാനത്തിനും പ്രശ്‌നമല്ലെന്നറിയാം' എന്ന കുറ്റപ്പെടുത്തലുമായാണ് സ്ഥാനാര്‍ത്ഥിക്കുള്ള യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബിന്റെ തുറന്ന കത്ത്. 

  ചേര്‍ത്തല കെവിഎം സമരപന്തലില്‍ മരണം വരെ നിരാഹാരമിരിക്കുകയാണ് ജിജി ജേക്കബ്. ഫേസ്ബുക്കിലെ കത്തിന്റെ പൂര്‍ണ്ണ രൂപം.

തുറന്ന കത്തിങ്ങനെ....

  'ഞാന്‍ ആ മണ്ഡലത്തില്‍ വോട്ടുള്ളയാളല്ലെങ്കിലും ഞങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ചെങ്ങന്നൂരിലുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങള്‍ക്കടക്കം അവിടെ വോട്ടുള്ളവരാണ്. പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന അങ്ങേയ്ക്ക് തൊട്ടപ്പുറത്ത് ചേര്‍ത്തലയില്‍ സമരമിരിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നം ഇടപെട്ട് തീര്‍ക്കാന്‍ മനസ്സില്ലെന്ന തരത്തിലാണ് ഇവരുടെ വര്‍ത്തമാനം'

   'തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് തങ്ങള്‍ക്ക് 205 ദിവസമായി സമരത്തില്‍ ഇരിക്കേണ്ടി വരുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പറയാനായിട്ടെങ്കിലും സമര പന്തലില്‍ സജി ചെറിയാന്‍ വരണം.'

  'ഒരു പക്ഷേ ഞാന്‍ ഇവിടെ നിരാഹാരം കിടന്ന് ചത്തു പോയേക്കാം. അതൊന്നും താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും പ്രശ്‌നമല്ലെന്നറിയാം. പക്ഷേ ഈ ലോകം അറിയണം ഞങ്ങള്‍ ഇത് താങ്കളെ ധരിപ്പിച്ചിരുന്നു എന്നത്. അതോടൊപ്പം പറയട്ടെ, താങ്കള്‍ എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ഞങ്ങളെ കൂടി പരിഗണിക്കണം. കാരണം ഈ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വീടില്ലാത്തവരാണ്. 

   ഞങ്ങള്‍ ഈ സമരത്തില്‍ നിന്ന് വിജയമില്ലാതെ പിന്‍മാറില്ല. ഇനി ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്ക് താങ്കള്‍ പറഞ്ഞ വീടു നല്‍കണം. അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ. ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ''

   ഏറെ പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങള്‍ക്ക്, പക്ഷേ നീതി ഇനിയും അകലെയാണ്. പണാധിപത്യത്തിനു മുമ്പില്‍ കുടപിടിക്കുന്നവര്‍ക്ക് ജനാധിപത്യവിശ്വാസം നഷ്ടപ്പെട്ടാല്‍ അതിശയപ്പെടേണ്ടതില്ല. ഞങ്ങളുടെ കൂട്ടമരണത്തിന് മുമ്പായെങ്കിലും ഞങ്ങള്‍ നഴ്‌സുമാരെ ഒന്നു തിരിഞ്ഞു നോക്കണേ. എങ്കിലേ ആ തീരുമാനം അങ്ങയെ അറിയിക്കാന്‍ ഞങ്ങള്‍ക്കാവൂ.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.