സിപിഎം-പോലീസ് കൂട്ടുകെട്ട് കോട്ടയത്തെ കണ്ണൂരാക്കാന്‍ ശ്രമം

Friday 16 March 2018 3:15 am IST

കോട്ടയം: പോലീസിന്റെ സിപിഎം പ്രീണനനിലപാടിനെതിരേ ബിജെപി ഇന്ന് പാലാ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് സഹായത്തോടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ് സിപിഎം. വൈക്കം, കുമരകം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പുലിയന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസങ്ങളായി അക്രമം തുടരുകയാണ്. എന്നാല്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സിപിഎമ്മുകാരനെപ്പോലും  പിടിക്കാന്‍   പോലീസ് തയ്യാറാവുന്നില്ല. 

 കണ്ണൂരില്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തുന്ന ആക്രമണ രീതി കോട്ടയത്തും നടപ്പാക്കുകയാണ്. കള്ളക്കേസില്‍ കുടുക്കി നാല് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജില്ലാകാര്യവാഹ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ രാത്രിയില്‍പ്പോലും പോലീസ് എത്തുന്നു. 

വൈക്കം അക്കരപ്പാടത്ത് സുമേഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ കൈവെട്ടുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുകപോലും ചെയ്യാതെ ജാമ്യത്തില്‍വിട്ടു. കുമരകത്ത് 16 വീടുകളും ഒട്ടേറെ വാഹനങ്ങളും തകര്‍ത്തു. ജനപ്രതിനിധികളെയും സിപിഎം വെറുതെ വിടുന്നില്ല. പഞ്ചായത്തംഗം സേതുവിനുനേരേ 12 തവണയാണ് വധശ്രമം ഉണ്ടായത്. ഈ സംഭവത്തിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡിയിലെടുത്ത സിപിഎം നേതാവ് സ്റ്റേഷനുള്ളില്‍ എസ്‌ഐയുടെ തൊപ്പി വച്ച് ഫേസ്ബുക്കില്‍ സെല്‍ഫി ഇട്ട സംഭവത്തിലും തുടര്‍ നടപടിയുണ്ടായില്ല. 

ചങ്ങനാശ്ശേരിയിലും പാലായിലും വീടുകള്‍ തകര്‍ക്കുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സിപിഎമ്മുകാര്‍ക്ക് തുണയായി നില്‍ക്കുന്നതും പോലീസാണ്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎമ്മുകാര്‍ അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രകടനം നടത്തിയതും ഇതേ പിന്തുണയില്‍ത്തന്നെ. ബിജെപിയുടെ ജില്ലാകമ്മിറ്റി ഓഫീസും ഏറ്റുമാനൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനുനേരേ ബോംബെറിഞ്ഞു. ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയം തകര്‍ത്തു. 

പാലാ മജിസ്‌ട്രേറ്റ് കോടതിതന്നെ ഇതിനെ വാക്കാല്‍ വിമര്‍ശിച്ചിരുന്നു. സിപിഎം-ആര്‍എസ്എസ് സംഘട്ടനമെന്ന് പറയുന്ന പോലീസ് എന്തുകൊണ്ടാണ് ഇതേവരെ ഒരു സിപിഎമ്മുകാരനെ പോലും കോടതിയില്‍ ഹാജരാക്കാത്തതെന്നായിരുന്നു ചോദ്യം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.