ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : കേരള കോണ്‍ഗ്രസ് (എം) യോഗം 18ന്

Friday 16 March 2018 2:50 am IST

കോട്ടയം: നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം 18ന് കോട്ടയത്ത് നടക്കും. ഏറെ മോഹിച്ച എല്‍ഡിഎഫ്  പ്രവേശനം സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ത്രിശങ്കുവിലായ പശ്ചാത്തലത്തില്‍ ഈ യോഗം നിര്‍ണ്ണായകമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. 

സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചാണ് കെ.എം. മാണി കരുക്കള്‍ നീക്കിയത്. എന്നാല്‍ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ, പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎമ്മിന് മാണിയെ കൂട്ടുന്നതില്‍നിന്ന് പിന്മാറേണ്ടിവന്നു. 

സിപിഎമ്മിന്റെ ചുവട് മാറ്റം മാണിക്കും കൂട്ടര്‍ക്കും കനത്ത പ്രഹരമാണ് ഏല്പിച്ചത്. ഇത് പാര്‍ട്ടിക്ക് അപമാനം ഉണ്ടാക്കിയെന്നാണ് അണികള്‍ പറയുന്നത്. അതേസമയം യുഡിഎഫിലേക്ക് മടങ്ങുന്നതും അത്ര എളുപ്പമല്ല. കോട്ടയത്തെ കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് കാരണം. കോട്ടയം പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ശക്തമായ വികാരം കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റിയറിങ് കമ്മിറ്റി എടുക്കുന്ന രാഷ്ടീയ നിലപാട് നിര്‍ണ്ണായകമായിരിക്കും. 

18ന് ഉച്ചയ്ക്ക് 2.30ന് ഓര്‍ക്കിഡ് റസിഡന്‍സിയില്‍ നടക്കുന്ന യോഗത്തില്‍ കെ.എം. മാണിയെ കൂടാതെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ മാണി, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.