കാട്ടുമുരിങ്ങ

Friday 16 March 2018 3:05 am IST

ശാസ്ത്രീയ നാമം : Ormocarpum sennoides

സംസ്‌കൃതം :മധുശിഗ്രു, ഗ്രുങ്കനം

തമിഴ്: കാട്ടുമുരിങ്കൈ

എവിടെകാണാം : തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, അസം, കേരളത്തില്‍ വാളയാര്‍, മറയൂര്‍, ചിന്നാര്‍ തുടങ്ങിയ വരണ്ട ഭാഗങ്ങളിലും കണ്ടുവരുന്നു. പുനര്‍ മുരിങ്ങ, ചെമ്മുരിങ്ങ എന്നും പേരുണ്ട്. 

പുനരുത്പാദനം : വിത്തില്‍ നിന്നും കമ്പ് മുറിച്ചുനട്ടും പുനരുത്പാദിപ്പിക്കാം. 

ഔഷധപ്രയോഗങ്ങള്‍:  കാട്ടുമുരിങ്ങ പൂവ്(15 എണ്ണം), ചെത്തിപ്പൂവ്(15 എണ്ണം),ഇവയുടെ അളവിന് തുല്യമായി കറുകപ്പുല്ല് എന്നിവ ചതച്ച് തുണിയില്‍ പൊതിഞ്ഞ് കിഴിയാക്കിയ ശേഷം മുലപ്പാലില്‍ ഞെരടി പിഴിഞ്ഞെടുക്കുന്ന നീര് കണ്ണില്‍ ഒഴിച്ചാല്‍ ചൊറിച്ചില്‍,  കണ്ണ് ചുവക്കല്‍, കാഴ്ച മങ്ങല്‍ തുടങ്ങി നാനാവിധ നേത്രരോഗങ്ങള്‍ക്കും ഉത്തമം. ദിവസം രണ്ട് നേരം 10 ദിവസം ഇപ്രകാരം ചെയ്യുക. 

കാട്ടുമുരിങ്ങ വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിക്കുക. ദിവസം രണ്ട് നേരം സേവിച്ചാല്‍ ശരീര പുഷ്ടി, ഉന്മേഷം എന്നിവ ഉണ്ടാകും. തളര്‍വാതം ശമിക്കും. ഇതേ കഷായം തന്നെ തിപ്പലിപ്പൊടി മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ പനി മാറും. 

കാട്ടുമുരിങ്ങയുടെ വേരിന്മേല്‍ തൊലി അരച്ച് വേപ്പെണ്ണ, ആവണക്ക് എണ്ണ, എള്ളെണ്ണ ഇവ സമം ചേര്‍ത്ത് ചാലിച്ച്, വാതംകൊണ്ടുള്ള വേദന, സന്ധിവീക്കം, നടുവേദന എന്നിവയുള്ള ഭാഗങ്ങളില്‍ ലേപനം ചെയ്താല്‍ വേദന ശമിക്കും. 

കാട്ടുമുരിങ്ങയുടെ അരി, അതിന് തുല്യ അളവില്‍ അമുക്കുരം ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ വീതം പാലില്‍ കലക്കി ദിവസം രണ്ട് നേരം ഒരു മാസം സേവിച്ചാല്‍ ശുക്ലവര്‍ധനവ് ഉണ്ടാകും. ഏറ്റവും മികച്ച വാജീകരണ ഔഷധമാണിത്.  ഭാവമിശ്ര മഹര്‍ഷിയുടെ ഭാവപ്രകാശം ഗ്രന്ഥത്തില്‍ മധ്യമ ഖണ്ഡത്തില്‍ പറയുന്ന മഹാനാരായണ തൈലത്തില്‍ കാട്ടുമുരിങ്ങയുടെ തൊലി, വേര് എന്നിവ ഉപയോഗിക്കുന്നതായി പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.