ചെവിയും നാവും ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താം

Friday 16 March 2018 2:55 am IST

പ്രഹ്ലാദന്‍ തുടങ്ങിവച്ചത് ആ പ്രക്രിയയാണ്. ''ശ്രവണ കീര്‍ത്തനം വിഷ്‌ണോഃ സ്മരണ''- എന്നത്. ഭഗവാന്റെ തിരുനാമങ്ങള്‍, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള അവതാരമാണ് ഇന്ദ്രിയാതീതമായ ആ നാമസ്പന്ദനം കേള്‍ക്കുന്നതുകൊണ്ടുമാത്രം നമുക്ക്- സാധാരണക്കാരന് പരമപദം പ്രാപിക്കാന്‍ കഴിയും. നാക്കുകൊണ്ട് ജപിക്കാന്‍ കഴിയുന്ന ആര്‍ക്കും ജപിച്ചുകൊണ്ട് ഭക്തിമാര്‍ഗത്തിലൂടെ മുന്നേറാം. വര്‍ണ-വര്‍ഗ-ജാതി-മതഭേദങ്ങള്‍ ഒന്നും ഈ ശ്രവണ കീര്‍ത്തന പ്രക്രിയയ്ക്ക് തടസ്സമല്ല. നാമശ്രവണ പ്രക്രിയയ്ക്ക് മറ്റൊരാളുടെ സഹായം വേണം. കീര്‍ത്തനത്തിന് അതും ആവശ്യമില്ല. അതിനാല്‍ തന്നെയാണ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു 'ഹരേ കൃഷ്ണാ'  എന്നുതുടങ്ങുന്ന ഷോഡശ നാമം അഥവാ മഹാമന്ത്രം ഉദ്‌ഘോഷിച്ചുകൊണ്ട് ഈ ഭാരതഭൂമിയില്‍ എങ്ങും സഞ്ചരിച്ചത്. ഈ മാതൃക സ്വീകരിച്ചുകൊണ്ട് ആര്‍ക്കും മൃത്യുരൂപമായ സംസാര സമുദ്രം തരണം ചെയ്ത് ആനന്ദപൂര്‍ണമായ ഭഗവല്ലോകത്തില്‍ എത്താന്‍ കഴിയും-എന്ന് ഭഗവാന്‍ തന്നെ പറയുന്നു-''തേപി അതിതരണി ഏവ മൃത്യു.''

സൃഷ്ടിക്ക് മുന്‍പേ

ക്ഷേത്രത്തിന്റെയും 

ക്ഷേത്രജ്ഞന്റെയും അവസ്ഥ (13-26)

സ്ഥാവരം ജംഗമംസത്ത്വം 

സഞ്ജായതേ

ഭൗതിക പ്രപഞ്ചത്തില്‍ ഇളകുന്നവ, ഇളകാത്തവ (ജംഗമം, സ്ഥാവരം) എന്നിങ്ങനെ എല്ലാ സത്ത്വങ്ങളും രണ്ടുവിധത്തിലാണ് നിലനില്‍ക്കുന്നത്. വൃക്ഷം, പര്‍വ്വതം മുതലായവ സ്ഥാവരം-ചലനമില്ലാത്തത്. ദേവ-മനുഷ്യ-മൃഗപക്ഷ്യാദികള്‍ ജംഗമങ്ങളാണ്. ചലിക്കുന്നവയാണ്. വൃക്ഷം, പര്‍വ്വതം മുതലായ സ്ഥാവരങ്ങളിലും ജീവാത്മാവ് ഉണ്ട്. സത്ത്വം- എന്ന പദത്തിന് ജീവന്‍, വസ്തു എന്നു രണ്ട് അര്‍ത്ഥവും ഉണ്ട്. ജീവാത്മാവ് സ്ഥാവര വസ്തുക്കളിലും പ്രവേശിക്കുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നത്.

''തത് ക്ഷേത്ര ക്ഷേത്രജ്ഞ 

യോഗാല്‍''

പ്രകൃതിയുടെയും-ക്ഷേത്രത്തിന്റെയും, ക്ഷേത്രജ്ഞന്റെയും-ജീവാത്മാവിന്റെയും സമ്മേളനത്തില്‍നിന്നാണ് അങ്ങനെ സംഭവിക്കുന്നത്. ജീവാത്മാവ് സത്യമാണ്. ക്ഷേത്രം-പ്രകൃതി-താല്‍ക്കാലിക പ്രതിഭ, ഭരതര്‍ഷഭാ! നീ അറിയേണ്ടത്. ''തദ് വിദ്ധി ഭരതര്‍ഷഭാ!'' യഥാര്‍ത്ഥ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജീവാത്മാവ് ദേഹത്തില്‍- ക്ഷേത്രത്തില്‍ കുടുങ്ങിപ്പോകുന്നത്.

സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് അങ്ങനെ കുടുങ്ങുന്നില്ല 

(18-27)

സര്‍വ്വേഷു ഭൂതേഷു 

സമം തിഷുന്തം

ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് പുഴുക്കള്‍ അടക്കം ജംഗമങ്ങളായും പര്‍വതം മുതലായ സ്ഥാവരങ്ങളായും ജന്മമെടുക്കുന്ന എല്ലാം ഭൂതങ്ങള്‍ എന്ന് പറയപ്പെടുന്നു. അവയുടെ പേര്, ആകൃതി, പ്രവൃത്തി, സ്വാഭാവിക ഗുണങ്ങള്‍ മുതലായവ വേറെ വേറെയാണ്, പരസ്പരം വിരുദ്ധങ്ങളുമാണ്. അവയിലെല്ലാം ഒരേ രൂപത്തിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ, ഉത്കൃഷ്ടതയോ അപകര്‍ഷതയോ ഇല്ലാതെ (സമം) എപ്പോഴും ജീവാത്മാവിന്റെ പ്രവൃത്തികള്‍ക്കു സാക്ഷിയായി സ്ഥിതി ചെയ്യുകയാണ്, പരമേശ്വരനായ പരമാത്മാവ്, ഒരു ദേഹത്തില്‍ ജീവാത്മാവ്, ആ ദേഹത്തിന്റെ മാത്രം ഈശ്വരനാണ്-ഉടമയാണ്. സര്‍വ്വക്ഷേത്രങ്ങളിലും-ശരീരങ്ങളിലും, ക്ഷേത്രജ്ഞനായി നില്‍ക്കുന്ന പരമാത്മാവാകട്ടെ, എല്ലാ ക്ഷേത്രങ്ങളുടെയും ശരീരങ്ങളുടെയും ഉടമയാണ്, ഈശ്വരനാണ്. അതിനാല്‍ പരമേശ്വരനാണ്; പരമാത്മാവിന് മേലെ വേറെ ഒരു ഈശ്വരന്‍ ഇല്ല. ആ പരമേശ്വരന്‍ ഭഗവാന്‍ തന്നെയാണ്.

വിനശ്യത്സു അവിനശ്യന്തം-പ്രാണികളുടെയും സ്ഥാവരങ്ങളുടെയും ശരീരങ്ങള്‍ നശിക്കുന്നവയാണ്. അവയില്‍ അധിവസിക്കുന്ന പരമാത്മാവിന് ഒരു മാറ്റമോ വൃദ്ധിക്ഷയങ്ങളോ ഇല്ല. ഭൗതിക പദാര്‍ത്ഥങ്ങളുടെ ഒരു പ്രവര്‍ത്തനത്തിലും പരമാത്മാവ് ബന്ധപ്പെടുന്നില്ല. ശരീരങ്ങള്‍ നശിച്ചുകൊണ്ടേയിരിക്കും. പരമാത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി, അവ്യക്തം ഇവയ്‌ക്കെല്ലാം അതീതനായി ദേഹത്തില്‍ നിലകൊള്ളുന്നു.

യം പശ്യതി സപശ്യതി

ഇപ്രകാരം, ക്ഷേത്രം, ശരീരം, ക്ഷേത്രജ്ഞന്‍-ജീവാത്മാവ്, സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് ഇവയെ അറിയുന്നവനാണ് ജ്ഞാനി. ''ജ്ഞാനിനഃ തത്ത്വദര്‍ശിനഃ'' എന്ന് ഭഗവാന്‍ മുന്‍പ് പറഞ്ഞ ജ്ഞാനികളും ഈ ജ്ഞാനം ഉള്ളവരാണ്. ഈ പരമാത്മഭാവം പരമപുരുഷന്‍-ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് വേദവും പറയുന്നു.

''പുരുഷാല്‍ ന പരം കിഞ്ചിത്

സാ കാഷ്ഠാ സാ സരാഗതിഃ'' -കഠോപനിഷത്ത് (3-11)

(പുരുഷനെക്കാള്‍ ഉത്കൃഷ്ടനായിട്ട് ഒരു തത്ത്വവും ഇല്ല. ഉന്നതമായ അവസ്ഥയും അതുതന്നെയാണ്. അവിടെ തന്നെയാണ് നാമേവരും എത്തിച്ചേരേണ്ടത്.)

ഉത്തമഃ പുരുഷസ്താന്യഃ

പരമാത്മേത്യുദാഹൃതഃ'' (ഗീ-15-17)

(=പുരുഷോത്തമന്‍ തന്നെയാണ് പരമാത്മാവ് എന്ന് പറയപ്പെടുന്നത്.)എന്ന് ഭഗവാനും പറയുന്നുണ്ട്. ഗീതാഭാഷ്യകര്‍ത്താവായ മധുസൂദന സരസ്വതി സ്വാമികള്‍ ഉദ്‌ഘോഷിക്കുന്നു.

''കൃഷ്ണാത്പരം കിമപിതത്ത്വമഹം നജാനേ.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.