പ്രാണനെ ബ്രഹ്മമായി കരുതുക

Friday 16 March 2018 3:20 am IST

തസ്മാദ് വാ ഏതസ്മാദന്ന രസമയാത്. അന്യോന്തര ആത്മാപ്രാണമയഃ തേനൈഷ പൂര്‍ണ്ണഃ സവാ ഏഷ പുരുഷവിധ ഏവ തസ്യ പുരുഷ വിധതാം. അന്വയം പുരുഷ വിധഃ തസ്യ പ്രാണ ഏവ ശിരഃ വ്യാനോ ദക്ഷിണഃ പക്ഷഃ അപാന ഉത്തരഃ പക്ഷഃ ആകാശ ആത്മാ പൃഥിവീം പുച്ഛം പ്രതിഷ്ഠാ തദപ്യേഷ ശ്ലോകോ ഭവതി.

അങ്ങനെ പ്രസിദ്ധമായ അന്നരസ വികാരമായ സ്ഥൂലശരീരത്തില്‍ നിന്ന് വേറെയുള്ളതും ഉള്ളിലുള്ളതുമായ ആത്മാവാണ് പ്രാണമയന്‍. അതിനാല്‍ പ്രാണമയനായ ആത്മാവിനാല്‍ അന്നരസമയമായ ആത്മാവ് പൂര്‍ണമായിരിക്കുന്നു. പ്രാണമയനായ ആത്മാവ് പുരുഷന്റെ ആകൃതിപോലെയുള്ള ആകൃതിയോടുകൂടിയതാണ്. അന്നരസമയത്തിന്റെ പുരുഷാകാരത്തേക്കാള്‍ പ്രാണമയന്‍ പുരുഷാകാരമുള്ളതാണ്. പ്രാണമയന് പ്രാണന്‍ എന്ന വൃത്തിവിശേഷമാണ് ശിരസ്സ്. വ്യാനന്‍ വലത്തേ ചിറകാണ്. അപാനന്‍ ഇടത്തേ ചിറകാണ്. ആകാശത്തിലുള്ള സമാനന്‍ ആത്മാവാണ്. പൃഥ്വീ ദേവതാ, പ്രതിഷ്ഠയ്ക്കുള്ള സാധനമായ പുച്ഛമാണ്. ആ അര്‍ത്ഥത്തിലും ശ്ലോകം ഉണ്ട്.

അന്നരസമയന്റെ പുരുഷാകൃതിയെ അനുസരിച്ചാണ് പ്രാണമയനും പുരുഷാകൃതി പറഞ്ഞിട്ടുള്ളത്. മൂശയില്‍ ഉരുക്കിയൊഴിച്ച ചെമ്പ് മൂശയുടെ ആകൃതിയിലിരിക്കുന്നതുപോലെയാണിത്. അന്നമയ കോശത്തിന്റെ ഉള്ളില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നതും എന്നാല്‍ അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതുമാണ് പ്രാണമയനായ ആത്മാവ്. അന്നമയ കോശത്തിന്റെ ആകൃതി എന്താണോ അതുതന്നെ പ്രാണമയനും. വായിലൂടെയും മൂക്കിലൂടെയും പുറത്തുവരുന്ന പ്രാണന്‍ എന്ന വൃത്തിവിശേഷമാണ് പ്രാണമയത്തിന്റെ ശിരസ്സ്. വേദവചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കല്‍പന. വേറെ എന്തെങ്കിലും സാദൃശ്യം കണക്കാക്കിയല്ല. പക്ഷം തുടങ്ങിയവയും ഇതുപോലെ തന്നെ വേദവചനത്തെ ആധാരമാക്കിയതാണ്. വ്യാനവൃത്തിയാണ് വലത്തേ ചിറക്. അപാനവൃത്തി ഇടത്തേചിറകും. മറ്റ് വൃത്തികളെ അപേക്ഷിച്ച് മധ്യത്തിലിരിക്കുന്നതിനാല്‍ സമാനന്‍ ആത്മാവിനെ പോലെയാണ്. അതുകൊണ്ട് സമാനന്‍ ആത്മാവാണ്. ആദ്ധ്യാത്മികമായ പ്രാണനെ ധാരണം ചെയ്യുന്നതിനാല്‍ പൃഥ്വീ ദേവതയെ പ്രതിഷ്ഠയായ പുച്ഛമായി കണക്കാക്കുന്നു. പൃഥ്വീ ദേവത വേണ്ടവിധത്തില്‍ ധാരണം ചെയ്യാതിരുന്നാല്‍ ശരീരം ഉദാനവൃത്തി കാരണം മുകളിലേക്ക് പോവുകയോ ഗുരുത്വംകൊണ്ട് താഴെ വീഴുകയോ ചെയ്യും. അതിനാല്‍ ഉറച്ചിരിക്കാന്‍ സഹായിക്കുന്നത് പൃഥ്വിയാകുന്ന പുച്ഛമാണ്.

പ്രാണമയനയെപറ്റി അടുത്ത അനുവാകത്തില്‍ ഒരു ശ്ലോകമുണ്ട്. ഈ മന്ത്രം പ്രാണമയമായ ആത്മാവിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നു.

പ്രാണം ദേവാ അനുപ്രാണന്തി

മനുഷ്യാഃ പശവശ്ചയേ

പ്രാണോ ഹി ഭൂതാനാമായുഃ 

തസ്മാത് സര്‍വ്വായുഷമുച്യതേ

സര്‍വമേവ ത ആയുര്‍യന്തി യേ പ്രാണം ബ്രഹ്മോപാസതേ

പ്രാണോഹി ഭൂതാനാമായുഃ 

തസ്മാത് സര്‍വ്വായുഷമുച്യതേ

ഇതി തസൈ്യഷ ഏവ ശാരീര ആത്മായഃ പൂര്‍വ്വസ്യ

ദേവന്മാര്‍ പ്രാണനെ അനുസരിച്ച് ജീവിക്കുന്നു. മനുഷ്യരും ജന്തുക്കളും പ്രാണനെ അനുസരിച്ച് കഴിയുന്നു. പ്രാണനാണല്ലോ ജീവികളുടെ ജീവനായിട്ടുള്ളത്. അതിനാല്‍ പ്രാണനെ സര്‍വായുഷം എന്ന് പറയുന്നു. പ്രാണനാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ എല്ലാ ആയുസ്സിനേയും പ്രാപിക്കുന്നു. പ്രാണനാണല്ലോ ഭൂതങ്ങളുടെ ആയുസ്സായിരിക്കുന്നത്. അതിനാല്‍ സര്‍വായുഷമെന്ന് പറയുന്നു. പ്രാണമയനായ ഇതാണ് അന്നമായ ശരീരത്തിനുള്ളിലെ ആത്മാവ്.

ദേവന്‍ എന്നതിന് അഗ്നി തുടങ്ങിയ ദേവന്മാര്‍ എന്നും, ഇന്ദ്രിയങ്ങളെന്നും അര്‍ത്ഥം പറയാം. മുഖ്യ പ്രാണനെ ആശ്രയിച്ചാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യരും ജീവജാലങ്ങളും പ്രാണന കര്‍മ്മം കൊണ്ടാണ് നിലനില്‍ക്കുന്നത്. പ്രാണന്‍ പോയാല്‍ മരണം സംഭവിക്കുമെന്നതിനാല്‍ പ്രാണനെ സര്‍വ്വായുസ്സെന്ന് പറയുന്നത് വളരെ ശരിയാണ്. പ്രാണനെ ബ്രഹ്മമായി ഉപാസിക്കുന്നവര്‍ മുഴുവന്‍ ആയുസ്സിനേയും നേടും. ആയുസ്സ് അവസാനിക്കുന്നതിന് മുന്‍പ് അപമൃത്യു ഉണ്ടാകില്ല. 100 വയസ്സാണ് മനുഷ്യന്റെ പൂര്‍ണ്ണ ആയുസ്സായി വേദത്തില്‍ പറയുന്നത്. ഏത് ഗുണത്തോടുകൂടിയ ബ്രഹ്മത്തെയാണോ ഉപാസിക്കുന്നത് ആ ഗുണത്തെ കൈവരിക്കും. അതുകൊണ്ട് പ്രാണനെ ബ്രഹ്മമായി കണ്ട് ഉപാസിച്ചാല്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജീവിക്കാം. പ്രാണന്‍ എല്ലാത്തിന്റേയും ആയുസ്സായതുകൊണ്ടാണ്. പ്രാണന്‍ ഉള്ളതുകൊണ്ട് എല്ലാ ജീവജാലങ്ങളെയും പൊതുവെ 'പ്രാണി' എന്ന് വിശേഷിപ്പിക്കാറുണ്ട്. നേരത്തെ പറഞ്ഞ അന്നമയകോശം സ്ഥൂലമായതാണ്. അതിനകത്താണ് സൂക്ഷ്മമായ പ്രാണമയന്റെ വാസം. അതുകൊണ്ട് പ്രാണമയനെ അന്നമയത്തിന്റെ ആത്മാവായി പറയുന്നു.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെആചാര്യനാണ് ലേഖകന്‍ 

 9495746977)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.