പാടാത്ത വീണയും പാടും...

Friday 16 March 2018 4:47 am IST
കറുത്ത പൗര്‍ണമിയിലെ ആദ്യഗാനം മൗനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും... മുതല്‍ അര്‍ജുനന്‍ മാസ്റ്റര്‍ സൃഷ്ടിച്ചത് ഈണങ്ങളുടെ മാധുര്യമായിരുന്നു. മലയാള ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ടൊരു വഴി തുറന്നിടാന്‍ കറുത്ത പൗര്‍ണമിയിലെ പാട്ട് കാരണമായി. ചില സിനിമകള്‍ ഹിറ്റായതുപോലും അര്‍ജുനസംഗീതത്തിന്റെ ശക്തിയാലാണ്. ഓരോ ഗാനവും മലയാളി ഹൃദയത്തില്‍ സൂക്ഷിച്ചുവച്ചു. ഇടയ്ക്കിടയ്ക്ക്, ആഘോഷങ്ങളില്‍, സന്തോഷ രാവുകളില്‍, വിഷാദംമുറ്റുന്ന നിശ്ശബ്ദതയില്‍...എല്ലാത്തിനും മരുന്നായി അദ്ദേഹത്തിന്റെ ഈണങ്ങള്‍ മൂളിനടന്നു.
"undefined"

ആഡംബരങ്ങള്‍ ഒട്ടുമില്ല. സംഗീതത്തിലെ അഗാധ പാണ്ഡിത്യത്തില്‍ അഹങ്കാരം തെല്ലുമില്ല. ആദ്യം കാണുന്ന കൊച്ചുകുട്ടിയോടു പോലും വിനയത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കുന്ന പ്രകൃതം. ഒന്നിനുവേണ്ടിയും ആരുടെപുറകെയും പോയില്ല. അദ്ദേഹം ഈണമിട്ട പാട്ടുകള്‍ അരനൂറ്റാണ്ടിലേറെയായി തലമുറ കൈമാറി മലയാളി ഏറ്റുപാടുമ്പോഴും അര്‍ജുനന്‍മാസ്റ്ററെന്ന മഹാസംഗീതകാരനെ അംഗീകാരങ്ങള്‍ തേടിവരാന്‍ വൈകിയതെന്തുകൊണ്ടാണ് ?

ഒന്നും ആവശ്യപ്പെട്ട് ആരുടെ പുറകെയും പോകാത്തതാണോ അദ്ദേഹത്തെ തഴയാന്‍ കാരണമായത്. അങ്ങനെ തന്നെ വേണം കരുതാനെങ്കിലും, ഒന്നു പറയാതെ വയ്യ. കാലമെത്ര കഴിഞ്ഞാലും കഴിവുകള്‍ അംഗീകരിക്കപ്പെടാതെ പോകില്ല. എത്രയൊക്കെ തഴയാന്‍ ആരൊക്കെ ശ്രമിച്ചാലും പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി അത് തേടിവരിക തന്നെ ചെയ്യും. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമാ-നാടക സംഗീതത്തില്‍ അനശ്വരങ്ങളായ നിരവധി ഈണങ്ങള്‍ നമുക്കു സമ്മാനിച്ച അര്‍ജുനന്‍ മാസ്റ്ററെ തേടി 82-ാം വയസ്സില്‍ ആദ്യമായി സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരമെത്തുമ്പോള്‍ സന്തോഷമേറെയാണ്. പക്ഷേ, ആ ചോദ്യം ഉന്നയിക്കാതിരിക്കാനാവുന്നില്ല. ഇത്രകാലം അദ്ദേഹത്തെ തഴഞ്ഞതാരാണ്. 

കസ്തൂരി മണക്കുന്നല്ലോ കാറ്റേ.., വാല്‍ക്കണ്ണെഴുതി..., യദുകുല രതിദേവനെവിടെ..., സീമന്തരേഖയില്‍..., നീല നിശീഥിനീ...., ചന്ദ്രക്കല മാനത്ത്..., പാലരുവിക്കരയില്‍...., രവിവര്‍മ്മ ചിത്രത്തിന്‍...., അനുരാഗമേ...., സുഖമൊരു ബിന്ദു..., അജന്താ ശില്പങ്ങളില്‍....., ദുഃഖമേ നിനക്കു..., തളിര്‍വലയോ താമരവലയോ..., കുയിലിന്റെ മണിനാദം കേട്ടു...., മല്ലികപ്പൂവിന്‍ മധുരഗന്ധം...., തിരുവോണ പുലരിതന്‍... തുടങ്ങി എത്രയെത്ര മധുരഗാനങ്ങള്‍ കാണാതെ പോയത് ആരൊക്കെയാണ്.

പതിനാറ് തവണ നാടകഗാനങ്ങള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് അദ്ദേഹം. എന്നാല്‍ 230 ഓളം സിനിമകളിലായി പാട്ടാസ്വാദകര്‍ എന്നുമോര്‍ക്കുന്ന അറുന്നൂറിലധികം സിനിമാഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം തേടിയെത്താന്‍ കാലമിത്ര കഴിഞ്ഞു. അര്‍ജുനന്‍ മാസ്റ്റര്‍ അറിയപ്പെടുന്നത് പുരസ്‌കാരങ്ങളുടെ പേരിലല്ല. മലയാളി അദ്ദേഹത്തെ നെഞ്ചേറ്റുന്നത് നിരവധിയായ മനോഹര ഈണങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ്. പുരസ്‌കാരങ്ങളല്ല അദ്ദേഹത്തിന് അലങ്കാരമാകുന്നത്. ആ പാട്ടുകള്‍ മാത്രമാണ്. മാസ്റ്റര്‍ക്ക് ഇതുവരെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടില്ലെന്നത് മലയാളി ഇതുവരെ അറിയാതെ പോയതും അതിനാലാണ്. പുരസ്‌കാരത്തിന് അത്രപ്രാധാന്യമേയുള്ളൂ. അതിലുമെത്രെയോ വലുതാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍.

1958 ല്‍ പള്ളിക്കുറ്റം എന്ന നാടകത്തിന് പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് അര്‍ജുനന്‍മാസ്റ്റര്‍ സംഗീത സംവിധായകനാകുന്നത്. 300 ഓളം നാടകങ്ങള്‍ക്കായി 800 ലധികം പാട്ടുകള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ക്ക് ജനകീയതയും അംഗീകാരവും കൈവന്നത് അര്‍ജുനന്‍ മാഷിലൂടെയാണെന്നു പറയുന്നതില്‍ തെറ്റില്ല. എം.കെ. അര്‍ജുനനും ദേവരാജനും മലയാള നാടകവേദിയെ സംഗീതം കൊണ്ട് സമ്പന്നമാക്കിയവരാണ്. ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റായിട്ടാണ് അര്‍ജുനന്‍മാസ്റ്റര്‍ കാളിദാസ കലാകേന്ദ്രത്തില്‍ ആദ്യമെത്തുന്നത്. ആ ബന്ധമാണ് സംഗീത സംവിധായകന്‍ എന്ന നിലയിലേക്കെത്തിച്ചത്. വയലാറും ഒഎന്‍വിയും കുറിച്ച വരികള്‍ക്ക് ഈണത്തിന്റെ സൗന്ദര്യം നല്‍കി ദേവരാജനും അര്‍ജുനനും ജനങ്ങള്‍ക്കു നല്‍കി. നാടകരംഗത്താണ് അര്‍ജുനന്‍മാസ്റ്റര്‍ തന്റെ സംഗീതസംഭാവന ഏറ്റവും കൂടുതല്‍ നല്‍കിയത്. സിനിമയുടെ തിരക്കുകളില്‍  സജീവമായപ്പോഴും നാടകത്തെ വിട്ടുകളയാന്‍ അദ്ദേഹം തയ്യാറായില്ല. തിരക്കുകള്‍ ഏറിയപ്പോഴും ഒറ്റവര്‍ഷവും നാടകത്തിനുവേണ്ടി പാട്ടു ചിട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

കെപിഎസി,  ആറ്റിങ്ങല്‍ ദേശാഭിമാനി,  ചങ്ങനാശ്ശേരി ഗീഥാ, ആലപ്പി തീയറ്റേഴ്‌സ്, സൂര്യസോമ, കാളിദാസകലാകേന്ദ്രം തുടങ്ങി നിരവധി നാടകവേദികള്‍ക്കായി അര്‍ജുനന്‍മാസ്റ്റര്‍  ഈണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ പാട്ട് അര്‍ജുന സംഗീതത്തിലൂടെയായിരുന്നു. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചലച്ചിത്രത്തിന് പാട്ടു ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തുന്നത്. അക്കാലത്ത് സിനിമാസംഗീതത്തില്‍ പ്രതിഭകളുടെ തിളക്കം നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു. രാഘവനും ദേവരാജനും ബാബുരാജുമൊക്കെ ഈണങ്ങള്‍ കൊണ്ട് മാന്ത്രികത സൃഷ്ടിച്ച കാലം. അവരുടെ ഇടയിലും അര്‍ജുനന്‍ തന്റേതായ ശൈലിയും കഴിവും തെളിയിച്ചു. ആര്‍ക്കും മാറ്റി നിര്‍ത്താനാകാത്ത ഈണങ്ങളുടെ ചക്രവര്‍ത്തിയായി.

കറുത്ത പൗര്‍ണമിയിലെ ആദ്യഗാനം മൗനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും... മുതല്‍ അദ്ദേഹം സൃഷ്ടിച്ചത് ഈണങ്ങളുടെ മാധുര്യമായിരുന്നു. മലയാള ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ടൊരു വഴി തുറന്നിടാന്‍ കറുത്ത പൗര്‍ണമിയിലെ പാട്ട് കാരണമായി. ചില സിനിമകള്‍ ഹിറ്റായതുപോലും അര്‍ജുനസംഗീതത്തിന്റെ ശക്തിയാലാണ്. ഓരോ ഗാനവും മലയാളി ഹൃദയത്തില്‍ സൂക്ഷിച്ചുവച്ചു. ഇടയ്ക്കിടയ്ക്ക്, ആഘോഷങ്ങളില്‍, സന്തോഷ രാവുകളില്‍, വിഷാദംമുറ്റുന്ന നിശ്ശബ്ദതയില്‍...എല്ലാത്തിനും മരുന്നായി അദ്ദേഹത്തിന്റെ ഈണങ്ങള്‍ മൂളിനടന്നു. അരനൂറ്റാണ്ടുകാലത്തിനിടയ്ക്ക് ഒരവാര്‍ഡ് കമ്മിറ്റിയും അദ്ദേഹത്തിന്റെ സംഗീതത്തെ തിരിച്ചറിഞ്ഞില്ല. ഗായകരും ഗായികമാരും അര്‍ജുനസംഗീതം പാടി പുരസ്‌കാരങ്ങള്‍ വാങ്ങിയപ്പോഴും അതിന്റെ സ്രഷ്ടാവിനെ മറന്ന പുരസ്‌കാര നിര്‍ണയകമ്മിറ്റികളാണ് ഇവിടെയുണ്ടായത്. 1979 ല്‍ മാത്രം 23 ചിത്രങ്ങള്‍ക്ക് മാസ്റ്റര്‍ പാട്ടൊരുക്കി.

ഇങ്ങനെയൊരു പുരസ്‌കാരം തന്നെ തേടിയെത്താന്‍ അര നൂറ്റാണ്ട് വൈകിയതിന്റെ പരിഭവമോ പരാതിയോ ഒന്നും മാസ്റ്റര്‍ക്ക് കാണില്ല. അവഗണനയും ഒറ്റപ്പെടുത്തലും കപട ആരോപണങ്ങളും അത്രത്തോളം കേട്ടിട്ടുണ്ട് ആ സംഗീതപ്രതിഭ. ദേവരാജന്‍ മാസ്റ്റര്‍ ചെയ്യുന്ന പാട്ടുകളാണ് എം.കെ. അര്‍ജുനന്റെ ഗാനങ്ങള്‍ എന്ന കുപ്രചാരണം ആദ്യകാലത്ത് മാസ്റ്റര്‍ നേരിട്ടിരുന്നു. പി. ഭാസ്‌കരന്റെ ഗാനങ്ങള്‍ സംഗീതംചെയ്യാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല എന്ന നിലപാട് എടുത്ത നിര്‍മാതാക്കളും സംവിധായകരും ഉണ്ടായിരുന്നു. 

പി. ഭാസ്‌കരന്‍ മാസ്റ്ററെക്കാള്‍ ഉറച്ച നിലപാടുകള്‍ ഉള്ള ശ്രീകുമാരന്‍ തമ്പിയാണ് ശരിക്കും എം.കെ. അര്‍ജുനന്‍ എന്ന സംഗീതപ്രതിഭയെ അകമഴിഞ്ഞ് അറിഞ്ഞതും ഒപ്പം നിന്നതും. ശ്രീകുമാരന്‍ തമ്പിയും ദേവരാജനും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കവും മാസ്റ്റര്‍ക്ക് സഹായകമായി. അക്കാലത്ത് സിനിമാരംഗത്തെ ചില കോക്കസുകളും 'അഭിജാതസംഘവും' പൊളിച്ചടുക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിയെന്ന കവിയും സിനിമാക്കാരനും ചരിത്രപരമായ കടമകള്‍ നിര്‍വഹിച്ചു. മാസ്റ്റര്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നത് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്കാണ്. എല്ലാം സൂപ്പര്‍ഹിറ്റ് പാട്ടുകള്‍. ആ കൂട്ടുകെട്ട് മലയാളസിനിമാ സംഗീതത്തിന്റെ സാന്ദ്രമായൊരു പാട്ടൊഴുക്ക് കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 1969ല്‍ റസ്റ്റ്ഹൗസ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച പ്രതിഭാവിളയാട്ടം 2017 ല്‍ ജയരാജിന്റെ 'ഭയാനകം' എന്ന ചിത്രത്തില്‍ വരെ എത്തിനില്‍ക്കുന്നു. ഭയാനകത്തിലെ പാട്ടിനാണ് കാലമിത്രവൈകി അര്‍ജുന സംഗീതത്തെ തേടി പുരസ്‌കാരമെത്തിയത്. അങ്കച്ചേകവന്മാരുടെ കഥ പറഞ്ഞ സിനിമയില്‍ വടക്കന്‍പാട്ട് നാടോടി മൊഴിയായിരുന്നു സംഗീതപ്രമേയം. ജയരാജിന്റെ നവരസ പരമ്പരയിലെ ഒടുവിലത്തെ ചിത്രമാണ് ഭയാനകം.

ഒരിക്കല്‍ ഒരു തീവണ്ടിയാത്രയില്‍ മാസ്റ്ററെ മുന്നില്‍ കണ്ടു. രണ്ടാം ക്ലാസിലെ ചൂടും സഹിച്ച് ഒട്ടും ജാഡകളില്ലാതെ എല്ലാവരോടും പുഞ്ചിരിച്ച്. മുമ്പൊരിക്കല്‍ കൊച്ചിയിലെ വീട്ടില്‍ കാണാന്‍ പോയത് ഓര്‍മിപ്പിച്ച് അടുത്തുകൂടി. കയ്യില്‍ പിടിച്ച് അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. ആ സ്പര്‍ശത്തില്‍ ആദ്യം മനസ്സിലേക്കോടിക്കയറിയത് എന്നും മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു പാട്ട്.

''പാടാത്ത വീണയും പാടും

പ്രേമത്തിന്‍ ഗന്ധര്‍വവിരല്‍ തൊട്ടാല്‍

പാടാത്ത മാനസവീണയും പാടും...''

എത്രയോ പ്രണയഗാനങ്ങള്‍ക്ക് ഈണമിടാന്‍ ഹാര്‍മോണിയത്തില്‍ ഓടിനടന്നിരുന്ന ആ വിരലുകള്‍ തൊട്ടപ്പോള്‍ അഭിമാനമാണ് തോന്നിയത്. 

എം.കെ. അര്‍ജുനന്റെ ബാല്യം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പട്ടിണിയും അവഹേളനങ്ങളും നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സംഗീതത്തിന്റെ കൊടുമുടി കീഴടക്കിയത്. പണവും പ്രശസ്തിയും വന്നപ്പോഴും മാസ്റ്റര്‍ അതൊന്നും മറന്നതേയില്ല. പോയകാലം ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. കൊച്ചിയിലെ സാധാരണ ജീവിതത്തില്‍ അദ്ദേഹത്തെ നമുക്ക് കാണാം, സംഗീതത്തിന്റെ സാഗരം നീന്തിക്കടന്നിട്ടും സാധാരണക്കാരനായി ആഡംബരങ്ങള്‍ ഒട്ടും ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ജീവിതം. വൈകിയെത്തിയ ഈ പുരസ്‌കാരവും ഭ്രമിപ്പിക്കുന്നില്ല. ജീവിതത്തില്‍ പലതും സംഭവിക്കുന്നതുപോലെ ഒന്നുമാത്രം ഇതും എന്ന ഭാവം. അവഗണിച്ചവരാണിപ്പോള്‍ തലതാഴ്ത്തി നില്‍ക്കുന്നത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മാസ്റ്റര്‍ക്കു മുന്നില്‍ അവരെല്ലാം എത്രയോ നിസ്സാരര്‍...

''ചെമ്പകത്തൈകള്‍ പൂത്ത

മാനത്തു പൊന്നമ്പിളി

ചുംബനം കൊള്ളാനൊരുങ്ങി.....''

e-mail: pradeepthazhava@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.