പരീക്ഷണമാകുന്ന പരീക്ഷകള്‍

Friday 16 March 2018 3:58 am IST
എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ പരീക്ഷ എന്തുകൊണ്ട് രാവിലെ നടത്തിക്കൂടാ? അമിതമായ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലാത്ത ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഏതോ ഒരു വര്‍ഷം ചോര്‍ന്നു എന്നതിന്റെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ കൊണ്ടുവരേണ്ടതുണ്ടോ?
"undefined"

എസ്എസ്എല്‍സി പരീക്ഷ ഇപ്പോള്‍ നടക്കുന്നത് നട്ടുച്ചയ്ക്കാണ്. നേരത്തെ ഇത് നടന്നിരുന്നത് രാവിലെയാണ്. അച്ചടിച്ച ചോദ്യപേപ്പര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുമ്പോള്‍ ഏതോ ഒരു വര്‍ഷം അത് ചോര്‍ന്നു എന്ന കാരണം പറഞ്ഞ്, ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടു. ആ വര്‍ഷം മുതലാണ് എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് നടത്താന്‍ തുടങ്ങിയത്.

കേരളത്തിലെ മിക്കവാറും എല്ലാ ഹൈസ്‌കൂളുകളിലും എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം സ്‌കൂള്‍ ബസ്സുകള്‍ ഓടാറില്ല. രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരെനിന്നും പൊരിവെയിലത്ത് നടന്നാണ് പൊതുവിദ്യാലയങ്ങളിലെ ഭൂരിപക്ഷം കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. നട്ടുച്ചയ്ക്ക് 1.30 നാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടത്. ഒന്നരയ്ക്ക് സ്‌കൂളില്‍ എത്തണമെങ്കില്‍ 12 മണിയോടുകൂടി കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങണം. അച്ഛനും അമ്മയും ജോലിക്കുപോകുന്ന വീടുകളില്‍ പരീക്ഷയ്ക്കു പോകുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുവാനോ എടുക്കേണ്ട സാധനങ്ങള്‍ എടുത്തു എന്നുറപ്പ് വരുത്തുവാനോ രക്ഷിതാക്കള്‍ ഉണ്ടാവില്ല.

പന്ത്രണ്ടു മണിയോടെ വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ പൊരിവെയിലത്ത് സൂര്യാഘാതമേറ്റ് വിയര്‍ത്തുകുളിച്ചാണ് സ്‌കൂളില്‍ എത്തുക. സ്‌കൂളില്‍ എത്തി ഒന്നരയ്ക്ക് ക്ലാസില്‍ കയറണം. ഭൂരിപക്ഷം സ്‌കൂളുകളിലും ഫാനും മറ്റ് സൗകര്യങ്ങളും ഇല്ല. കുടിവെള്ളം പോലും ക്ലാസ് മുറികളില്‍ വിതരണം ചെയ്യാറില്ല. 1.45 ന് ചോദ്യപേപ്പര്‍ വിതരണം ചെയ്ത് രണ്ട് മണിക്ക് പരീക്ഷ എഴുതി തുടങ്ങുന്ന വിദ്യാര്‍ത്ഥി 40 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് മൂന്നരമണിവരെയും 80 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് നാലരവരെയും പരീക്ഷ എഴുതണം. കൊടുംചൂടില്‍ വിയര്‍ത്തൊലിച്ച് ഫാന്‍പോലുമില്ലാത്ത ക്ലാസ് മുറികളില്‍ മൂന്ന് മണിക്കൂറോളം ചെലവഴിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. 

പരീക്ഷ എന്തുകൊണ്ട് രാവിലെ നടത്തിക്കൂടാ?

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ പരീക്ഷ എന്തുകൊണ്ട് രാവിലെ നടത്തിക്കൂടാ? അമിതമായ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലാത്ത ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഏതോ ഒരു വര്‍ഷം ചോര്‍ന്നു എന്നതിന്റെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ കൊണ്ടുവരേണ്ടതുണ്ടോ? ഗൗരവപരമായി ചിന്തിക്കേണ്ട വിഷയമാണ്. ചോദ്യപേപ്പര്‍ നേരിട്ട് സ്‌കൂളില്‍ എത്തിച്ച് സ്‌കൂളിലെ തന്നെ ലോക്കറില്‍ സൂക്ഷിച്ച് പരീക്ഷ നടത്തിയാല്‍ എന്താണ് പ്രശ്‌നം? സ്‌കൂളിലെ ജീവനക്കാരെയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും അദ്ധ്യാപകരെയും വിശ്വാസത്തിലെടുത്ത് ചോദ്യപേപ്പര്‍ സ്‌കൂളില്‍ തന്നെ നേരിട്ടെത്തിച്ചാല്‍ പരീക്ഷ രാവിലെ തന്നെ നടത്താന്‍ കഴിയും. നേരത്തെ അങ്ങനെയാണ് നടത്തിയിരുന്നതും. രാവിലെ 9.30ന് പരീക്ഷ തുടങ്ങിയാല്‍ 40 മാര്‍ക്കിന്റെ പരീക്ഷ 11.15 നും 80 മാര്‍ക്കിന്റെ പരീക്ഷ 12.15 നും അവസാനിപ്പിക്കാന്‍ കഴിയും. പരീക്ഷ കഴിഞ്ഞ് ശാന്തമായി വീടുകളില്‍ എത്താം. തിരിച്ചുവരുന്നത് ഉച്ചയ്ക്കാണെങ്കിലും വീട്ടില്‍ എത്തിയാല്‍ വിശ്രമിക്കുവാനുള്ള സമയം ലഭിക്കും. പകുതി ദിവസം ലാഭിക്കുകയും ചെയ്യാം. ജോലി ചെയ്യുന്ന സ്‌കൂളിന്റെ എട്ട് കിലോമീറ്റര്‍ പരിധികളിലാണ് അധ്യാപകര്‍ക്ക് സൂപ്പര്‍വിഷന്‍ ഡ്യൂട്ടി ലഭിക്കുക. അവര്‍ക്കും ഈ സമയത്ത് സ്‌കൂളില്‍ എത്താന്‍ പ്രയാസം ഉണ്ടാവില്ല.

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയോ?

എസ്എസ്എല്‍സി പരീക്ഷയേക്കാള്‍ പ്രാധാന്യമുള്ളവയാണ് പ്ലസ്‌വണ്‍, പ്ലസ് ടു പരീക്ഷകള്‍. ഈ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാതെ, പോലീസ് അകമ്പടിയില്ലാതെ നേരിട്ട് സ്‌കൂളില്‍ എത്തിച്ചാണ് പരീക്ഷ നടത്തുന്നത്. ഹയര്‍സെക്കന്ററി അധ്യാപകര്‍ തന്നെയാണ് ഈ  ചോദ്യപേപ്പറുകള്‍ കൈകാര്യം ചെയ്യുന്നത്. ഡിഗ്രി പ്രവേശനത്തിനും എഞ്ചിനീയറിങ് പ്രവേശനത്തിനും മറ്റ് പല കോഴ്‌സുകള്‍ക്കും പരിഗണിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ചോദ്യക്കടലാസ് സ്‌കൂളില്‍ നേരിട്ടെത്തിച്ച് പരീക്ഷനടത്തുമ്പോള്‍, എസ്എസ്എല്‍സി ചോദ്യക്കടലാസ് മാത്രം പോലീസ് അകമ്പടിയോടെ ലോക്കറില്‍ സൂക്ഷിച്ച് സ്‌കൂളില്‍ എത്തിക്കുന്നത് പരിഹാസ്യമാണ്. അതുകൊണ്ട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് ചോദ്യപേപ്പര്‍ സ്‌കൂളില്‍ നേരിട്ടെത്തിച്ച് പരീക്ഷ രാവിലെ നടത്തണം. അല്ലെങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ചോദ്യക്കടലാസുകള്‍ ഇതേ രീതിയില്‍ ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ കൊണ്ടുവരേണ്ടതല്ലേ എന്ന ചോദ്യമുയരും. 

ഇപ്പോള്‍ നടക്കുന്ന പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷ നേരത്തെ നടന്നിരുന്നപോലെ ഉച്ചയ്ക്ക് നടത്തേണ്ടിവരും. മുതിര്‍ന്ന കുട്ടികളായ പ്ലസ് വണ്‍, പ്ലസ്ടുവില്‍ പഠിക്കുന്നവര്‍ ഭൂരിപക്ഷവും ബസ്സുകളില്‍ സ്‌കൂളില്‍ എത്തുന്നവരാണ്. അവരുടെ പരീക്ഷ ഉച്ചയ്ക്ക് നടത്തിയാല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തുവാന്‍ പ്രയാസം ഉണ്ടാവില്ല. ഇത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ അധ്യാപകര്‍ക്കും പീഡനമാവുകയാണ്. ഏപ്രില്‍ അഞ്ചോടുകൂടി ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പുകളും കൊടുംചൂടിലാണ് നടക്കുന്നത്. ഭൂരിപക്ഷം സ്‌കൂളുകളിലെ ക്ലാസ് മുറികളിലും ഫാന്‍ ഇല്ല. കൊടുംചൂടില്‍ ഫാന്‍ പോലുമില്ലാതെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ കാര്യവും ദയനീയമാണ്. അസ്വസ്ഥമായ മനസ്സോടെ മൂല്യനിര്‍ണയം നടത്തുന്നത് മൂല്യനിര്‍ണയത്തെ ദോഷകരമായി ബാധിക്കും. പാലക്കാട് പോലുള്ള ജില്ലകളില്‍ കൊടുംചൂടില്‍ നിന്നും രക്ഷനേടാന്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എയര്‍കൂളറും മറ്റ് ജില്ലകളിലെ ക്യാമ്പുകളില്‍ ഫാനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കുടിവെള്ളംപോലും ലഭിക്കാത്ത മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ട്. 

മൂന്നു മണിക്കൂര്‍ സമയം പരീക്ഷ എഴുതാന്‍ ഒരേ ഇരിപ്പ് ഇരിക്കുന്ന പത്താം ക്ലാസുകാരന്റെ മാനസികാവസ്ഥ പരിശോധിക്കപ്പെടേണ്ടതാണ്. 80 മാര്‍ക്കിന്റെ പരീക്ഷ എഴുതേണ്ട മൂന്ന് വിഷയങ്ങളായ സാമൂഹ്യശാസ്ത്രവും, ഇംഗ്ലീഷും, ഗണിതവും കുട്ടികള്‍ക്ക് അമിതഭാരമാണ്. പാഠഭാഗങ്ങളിലെ അമിതമായ ഉള്ളടക്കംമൂലം സാമൂഹ്യശാസ്ത്രംപോലുള്ള വിഷയങ്ങള്‍ ഒരു വര്‍ഷംകൊണ്ട് പഠിപ്പിച്ച് തീര്‍ക്കാന്‍ അധ്യാപകര്‍ക്കോ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. പലപ്പോഴഴും അവസാന സമയത്താണ് പഠിപ്പിച്ചുതീര്‍ത്ത പാഠഭാഗങ്ങള്‍ പോലും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. ഇതിന് പരിഹാരം 80 മാര്‍ക്കിന്റെ ഈ മൂന്ന് വിഷയങ്ങളും പഴയപോലെ 40 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളാക്കി ഒന്നരമണിക്കൂര്‍ പരീക്ഷയാക്കി മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഇതിന്റെ സാധ്യതയും പഠനവിധേയമാക്കേണ്ടതുണ്ട്. 

ഇക്കാരണങ്ങള്‍കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഒരു പരീക്ഷണമായിമാറുകയാണ്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജയിക്കാന്‍ മിനിമംമാര്‍ക്ക് നിശ്ചയിക്കേണ്ടത് അതിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വര്‍ധിപ്പിക്കാനും അത്യാവശ്യമാണ്. എഴുത്ത് പരീക്ഷയ്ക്ക് എണ്‍പത് മാര്‍ക്കിന്റെ വിഷയങ്ങളായ സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് 20 മാര്‍ക്കും നാല്‍പ്പത് മാര്‍ക്കിന്റെ വിഷയങ്ങളായ മലയാളം, മലയാളം, മലയാളം സെക്കന്റ്ഹിന്ദി, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പത്ത് മാര്‍ക്കും ജയിക്കാന്‍ വേണ്ട മിനിമം മാര്‍ക്കായി നിശ്ചയിക്കണം. എങ്കിലേ എഴുത്തു പരീക്ഷയ്ക്ക് ഗൗരവം വരൂ. ഗുണനിലവാരം ഉറപ്പ് വരുത്താനാവൂ.

നിരന്തര മൂല്യനിര്‍ണയം കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ്. ഇപ്പോള്‍ കൊട്ടിഘോഷിച്ച് എസ്എസ്എല്‍സിക്ക് 99 ഉം നൂറും ശതമാനം വിജയം പ്രഖ്യാപിക്കുന്നത് നിരന്തര മൂല്യനിര്‍ണയത്തിന് ലഭിക്കുന്ന 'സൗജന്യ'മാര്‍ക്കിന്റെ പിന്‍ബലത്തിലാണ്. നിരന്തര മൂല്യനിര്‍ണയത്തിനാവശ്യമായ കുട്ടികളുടെ പ്രോജക്ടുകളും മറ്റും പരിശോധിക്കുന്നതിന് നിലവില്‍ യാതൊരു സംവിധാനവുമില്ല. തുടക്കത്തില്‍ മറ്റ് സ്‌കൂളുകളില്‍ നിന്നും ഡിഇഒ നിശ്ചയിക്കുന്ന അധ്യാപകരെത്തി ഇവ ചെയ്തുവെന്ന് ഉറപ്പ് വരുത്തിയിരുന്നു. ഇപ്പോള്‍ അതില്ല. എണ്‍പത് മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് സിഇ മാര്‍ക്കായി 20 എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, 40 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് സിഇ മാര്‍ക്കായി 10 എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കും. പിന്നീട് എഴുത്ത് പരീക്ഷക്ക് 80 ല്‍ 10 ഉം, 40 ല്‍ അഞ്ചും മാര്‍ക്ക് ലഭിച്ചാല്‍ വിദ്യാര്‍ത്ഥി ഡി പ്ലസില്‍ എത്തി പരീക്ഷ ജയിക്കും. അതുകൊണ്ട് എഴുത്ത് പരീക്ഷയ്ക്ക് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ച് നിരന്തരമൂല്യനിര്‍ണയം കാര്യക്ഷമമാക്കണം. കമ്പ്യൂട്ടറിന് എഴുത്ത് പരീക്ഷയില്ല. ഓണ്‍ലൈന്‍ പരീക്ഷയാണ് നടക്കുന്നത്.

ഇപ്പോള്‍ 90 മാര്‍ക്ക് ലഭിച്ച കുട്ടിക്കും, 100 മാര്‍ക്ക് ലഭിച്ച കുട്ടിക്കും ലഭിക്കുന്നത് ഒരേ ഗ്രേഡാണ്. കഴിവ് പരിഗണിക്കുമ്പോള്‍ 90 മാര്‍ക്ക് ലഭിച്ച കുട്ടിയേക്കാള്‍ എത്രയോ മുന്നിലല്ലേ 100 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി. നിലവിലുള്ള ഗ്രേഡിങ് രീതി അനുസരിച്ച് ഈ രണ്ട് മാര്‍ക്കും ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഒരേ രീതിയില്‍ പരിഗണിക്കപ്പെടുന്നത് അപാകതയല്ലേ എന്ന ഒരു ചോദ്യവും പ്രസക്തമാവുകയാണ്. അല്ലെങ്കില്‍ പ്ലസ്ടു പരീക്ഷയ്ക്ക് ചെയ്യുന്നതുപോലെ ഗ്രേഡിനോടൊപ്പം ലഭിച്ച മാര്‍ക്കുകൂടി ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ്?

എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂട്ടാനും പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.

(ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന 

ഉപാധ്യക്ഷനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.