എല്‍ഐസിയില്‍ എന്ത് നടക്കുന്നു?

Friday 16 March 2018 3:40 am IST
"undefined"

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഐസിയില്‍ ഒരുപാട് ഇമ്മിണി ബല്യ തസ്തികകള്‍ സൃഷ്ടിച്ച് കേട്ടാല്‍ ഞെട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും അതിസമര്‍ത്ഥമായി തട്ടിയെടുക്കാന്‍ പാകത്തില്‍ സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. പാവപ്പെട്ട ഏജന്റുമാരെ തീരെ അവഗണിച്ച് അവര്‍ക്ക് യാതൊരാനുകൂല്യവും നല്‍കാതെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. 

ഐആര്‍ഡിപി ചെയര്‍മാന്‍ ആരെന്നറിയുമോ? ഇതേവരെ ചെയര്‍മാനായി വിലസി വിരാജിച്ച്, പ്രായം പരമാവധിയെത്തിയ ആളാണ് പോലും ഐആര്‍ഡിപി ചെയര്‍മാനാകുക! അയാള്‍ക്ക് മാസ അടിസ്ഥാന ശമ്പളം മാത്രം ഏഴര ലക്ഷമാണത്രെ! ഞെട്ടുന്നില്ലേ? ഇന്നത്തെ ചെയര്‍മാന്‍ ഐആര്‍ഡിപി ചെയര്‍മാനായതിനുശേഷം 'ജനപ്രിയ'മായ ഒരു പോളിസി ഇതേവരെ ഇറക്കിയോ?

പണ്ടൊരു ചെയര്‍മാന്‍ ഐഎഎസും ഐസിഎസും ഇല്ലാത്ത ഒരാളുണ്ടായിരുന്നത്രെ. ടി.എ. പൈ. അദ്ദേഹം ചെയര്‍മാനായ കാലത്താണ് ക്ലബ് മെമ്പര്‍ഷിപ്പ് ഏജന്റുമാരില്‍ സൃഷ്ടിച്ചത്. മഹത്തായ അത്തരമൊരു നടപടികൊണ്ടു മാത്രമാണ് എല്‍ഐസിയുടെ കോട്ടം ജനങ്ങള്‍ അറിയാതിരിക്കുന്നത്. ക്ലബ് മെമ്പര്‍ഷിപ്പിന്റെ പ്രത്യേകത ശരിക്കൊന്ന് പരിശോധിച്ചാല്‍ എല്‍ഐസി ഏജന്റുമാര്‍ക്ക് കിട്ടിയ ഒരപൂര്‍വ്വ നിധിയാണത്. അത് ഐഎഎസ് ഐസിഎസ് ദുഷ്പ്രഭുക്കളുടെ സംഭാവനയല്ല. ടി.എ. പൈ എന്ന വ്യവസായപ്രമുഖന്റെ ദീര്‍ഘദൃഷ്ടിയില്‍ രൂപംകൊണ്ട് ഒരാനുകൂല്യം. അത് സൃഷ്ടിച്ച ദൂരവ്യാപക ഗുണങ്ങള്‍ പരിശോധിച്ചുനോക്കൂ.

ഉത്തരേന്ത്യന്‍ ലോബി കൈയടക്കിവച്ച് അവരുടെ ഇഷ്ടാനുസരണം വിലസുന്ന മേഖലയാക്കി എല്‍ഐസിയെ അധഃപതിപ്പിക്കരുത്. 1956 നുശേഷം എല്‍ഐസിയിലെ ഉദേ്യാഗസ്ഥവൃന്ദത്തിന് എത്രതവണ ശമ്പളം പരിഷ്‌കരിച്ചു? എന്തൊക്കെ ആനുകൂല്യങ്ങള്‍ അനുവദിച്ചു? എന്തേ ഏജന്റുമാര്‍ക്ക് ഒന്നും നല്‍കിയില്ല? 

പണം മുഴുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പല പേരിലും തട്ടിയെടുക്കുന്നു. പാവം ഏജന്റുമാര്‍ക്ക് 1956 ലെ ആനുകൂല്യങ്ങള്‍ മാത്രം. പ്രധാനമന്ത്രിയും എല്‍ഐസിയും ചേര്‍ന്നുണ്ടാക്കിയ 'പ്രധാനമന്ത്രി യോജന' പെന്‍ഷന്‍ സ്‌കീമില്‍ ഏജന്റിന്റെ കമ്മീഷന്‍ എത്രയാണെന്നറിയാമോ? .0001 ശതമാനം! നാണമുണ്ടോ ഒരു സര്‍ക്കാരിനും സ്ഥാപനത്തിനും ഇത് കൊട്ടിഘോഷിക്കാന്‍.

ചൈനയിലെ മുഴുവന്‍ പൗരന്മാരെയും ഇന്‍ഷുറന്‍സ് പോളിസി ഉടമകളാക്കാന്‍ ചൈന പ്രതിജ്ഞയെടുത്തത്രെ. അഭിനന്ദനീയം. നമുക്ക് ചില കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും ഇക്കാര്യം സ്വാഗതാര്‍ഹംതന്നെ.

നമുക്കും അങ്ങനെ മുഴുവന്‍ ഇന്ത്യക്കാരെയും അനതി വിദൂര ഭാവിയില്‍ പോളിസി ഉടമകളാക്കണം. തീര്‍ച്ച. പക്ഷെ, അതിന്റെ മുന്നോടിയായി പാവപ്പെട്ട ഏജന്റുമാരുടെ കമ്മീഷന്‍ വ്യവസ്ഥയില്‍ സേവന വ്യവസ്ഥയില്‍ ഒരുപാട് മാറ്റങ്ങള്‍ അടിയന്തരമായും വരുത്തണം.

അനാവശ്യ ചെലവുകള്‍ കുന്നുകൂടുന്നു എല്‍ഐസിയില്‍. വിസ്തരിക്കുന്നില്ല. സമഗ്രമായ ഒരു മാറ്റത്തിന് രൂപംനല്‍കേണ്ടിയിരിക്കുന്നു. ധനകാര്യ വകുപ്പില്‍ ഒരുപാട് ജോലികള്‍ നിര്‍വഹിക്കാനുള്ള അരുണ്‍ ജെറ്റ്‌ലിക്ക് ഇന്‍ഷുറന്‍സും ഭരിക്കാനാകുമോ എന്ന് സംശയം.

എന്തായാലും ഇന്ത്യയിലെ കുതിച്ചുയരുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച്, സാമ്പത്തികമാറ്റവും ഉണ്ടാകണം. അഴിമതിയും ധൂര്‍ത്തും വേരോടെ പിഴുതെറിയണം. അതനുസരിച്ചുള്ള മാറ്റങ്ങള്‍ വളരെ പെട്ടെന്ന് ഉണ്ടാകുമെന്ന പ്രത്യാശയോടെ, പ്രതീക്ഷയോടെ.

 

സി.പി. ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി, കണ്ണൂര്‍

വൈകി വന്ന വസന്തം

വൈകി വന്ന വസന്തമായിപ്പോയില്ലേ അര്‍ജുനന്‍ മാഷിന് കിട്ടിയ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം. 50 വര്‍ഷം നീണ്ട സിനിമാജീവിത സപര്യയില്‍ ആദ്യമായാണ് ഈ പുരസ്‌കാരം. 175 മലയാള സിനിമകളിലായി 300 ഓളം പാട്ടുകള്‍. ഓരോ ഗാനവും മലയാളിത്തത്തിന്റെ ചുണ്ടുകളില്‍ തേന്‍വണ്ടായി മൂളി നടക്കുന്നുണ്ട്. കസ്തൂരിമണക്കുന്ന കാറ്റായും, യദുകുല രതിദേവനായും മറ്റും. പാടാത്ത വീണയും പാടും, നിന്‍മണിയറയിലെ, തളിര്‍വലയോ താമരവലയോ, തിരുവോണപുലരിതന്‍, സുഖമൊരു ബിന്ദു... ഇങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന മികവില്‍ ഇന്ദ്രന്‍സ്, പാര്‍വ്വതി- അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെ. 

വടക്കേതില്‍ വിനോദ്കുമാര്‍, നറുകര. കോഴിക്കോട് 

ഇത് സങ്കടകരം തന്നെ

സ്‌നേഹത്തോടെ ജീവിക്കേണ്ട മനുഷ്യര്‍, പലജാതി ദൈവങ്ങളുണ്ടെന്നും തങ്ങളുടെ ദൈവമാണ് 'ഒറിജിനല്‍' എന്നും ചിന്തിച്ച് അകന്നുജീവിക്കുന്നു. അറിവുസമ്പാദിച്ചവനെങ്കില്‍ ഇങ്ങനെയെന്തേ ചിന്തിക്കുന്നു?  തനിക്ക് അറിവുണ്ടെന്ന്  അഹങ്കരിക്കുന്നവര്‍ക്ക്   യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാനുളള കഴിവില്ലെന്നത് സങ്കടകരം തന്നെ. 

രാജന്‍ വെങ്കിട്ടരാമന്‍, തമ്മനം, എറണാകുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.