യുഎപിഎ: ഹൈക്കോടതി നടപടി സിപിഎമ്മിന് കനത്ത തിരിച്ചടി

Friday 16 March 2018 2:38 am IST

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത തിരിച്ചടി. ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 25-ാം പ്രതിയായ ജയരാജന് വ്യക്തിപരമായും തിരിച്ചടിയാണിത്. ജയരാജനാണ് കൊലയ്ക്കുപിന്നിലെ മുഖ്യആസൂത്രകനെന്ന് സിബിഐ കണ്ടെത്തിയിരുന്നു.കേസിന്റെ ആദ്യ ഘട്ടം മുതല്‍ പ്രതികളെ രക്ഷപ്പെടുത്താനും ജയരാജനുള്‍പ്പെടെയുളള നേതാക്കളെ ഗൂഢാലോചന കേസില്‍ നിന്നും ഊരിയെടുക്കാനും സിപിഎം ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. യുഎപിഎ ചുമത്തപ്പെട്ടതിനാല്‍ 15 പ്രതികള്‍ നാലു വര്‍ഷമായി ജയിലിലാണ്. യുഎപിഎ ചുമത്തിയതിനെതിരെ നിയമ പോരാട്ടം നടത്താനെന്ന പേരില്‍ പാര്‍ട്ടി പരസ്യമായി ഫണ്ട് ശേഖരിച്ചത് ഏറെ വിവാദമായിരുന്നു.

 യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ മനോജിനെ  സിപിഎം സംഘം വെട്ടിക്കൊന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണം വരികയും സിപിഎം കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പി.ജയരാജന്‍ കീഴടങ്ങുകയും  ഒരുമാസത്തോളം റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

യുഎപിഎ നിയമം ചുമത്തിയ ആദ്യ രാഷ്ട്രീയ കൊലപാതക കേസായിരുന്നു മനോജ് വധം. യുഎപിഎ ചുമത്തിയതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന്‍ സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവന്നു. തുടര്‍ന്ന് സിപിഎമ്മുകാരായ 19 പ്രതികള്‍ പിടിയിലായി. സിബിഐ കേസേറ്റെടുത്തതോടെ പ്രതികളെ സഹായിച്ച പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പ്രതിപട്ടികയില്‍ ഇടം നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.