മെസി മാജിക്

Friday 16 March 2018 4:55 am IST
"undefined"

ബാഴ്‌സലോണ: കാല്‍പ്പന്തുകളിയിലെ രാജകുമാരന്‍ താന്‍ തന്നെയാണെന്ന് ലയണല്‍ മെസി ഒരിക്കല്‍ കൂടി തെളയിച്ചു. ന്യൂകാമ്പില്‍ ആവേശം കൊടുമുടികയറിയ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗിലെ നൂറാം ഗോളുംകുറിച്ച് ഈ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ബാഴ്‌സലോണയെ ക്വാര്‍ട്ടറിലേക്ക് കടത്തിവിട്ടു.

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയെ തോല്‍പ്പിച്ചു. രണ്ട് ഗോളുകളും ഫുട്‌ബോള്‍ മാന്ത്രികന്‍ മെസിയുടെ ബൂട്ടില്‍ നിന്നാണ് ജന്മം കൊണ്ടത്. മൂന്നാം ഗോളിന് വഴിയൊരുക്കിയതും മെസി. ഗോളടിച്ചത് ഒസ്മാനെ ഡംബലയും. രണ്ട് പാദങ്ങളിലായി ബാഴസ 4-1 ന് ജയിച്ചുകയറി. ചെല്‍സിയുടെ തട്ടകത്തിലരങ്ങേറിയ ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.

ചടുലമായ നീക്കങ്ങളില്‍ മുന്നേറിയ ലയണല്‍ മെസി കളിതുടങ്ങി രണ്ട് മിനിറ്റും എട്ടുസെക്കന്‍ഡുമുള്ളപ്പോള്‍ ഗോള്‍ നേടി ബാഴ്‌സയെ മുന്നിലാക്കി. മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളിണിത്. ചെല്‍സിയുടെ പ്രതിരോധം കിറീമുറിച്ച് മുന്നേറി മെസി തൊടുത്തുവിട്ട ഷോട്ട് തൈബൗട്ട് കോര്‍ട്ടിയോസിന്റെ കാലുകളെ തഴുകി വലയിലേക്ക് കയറി.

പതിനേഴ് മിനിറ്റുകള്‍ക്ക് ശേഷം മെസിയുടെ ക്ലാസിക്ക്  പ്രകടനത്തിന് ന്യുകാമ്പ് സാക്ഷിയായി. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ചുകയറിയ മെസി ചെല്‍സിയുടെ പ്രതിരോധനിരക്കാരെ വകഞ്ഞ് മാറ്റി പന്ത് ഡെംബാലയ്ക്ക് നല്‍കി. ഡെംബാല അനായാസം ഗോള്‍ നേടി. ബാഴ്‌സലോണക്കായി ഡെംബാല നേടുന്ന ആദ്യ ഗോളാണിത്. ഇടവേളയ്ക്ക് ബാഴ്‌സ 2-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചെല്‍സി ശക്തമായ പോരാട്ടം തന്നെ കാഴ്ചവെച്ചു. പക്ഷെ ദൗര്‍ഭാഗ്യം അവര്‍ക്ക് വിനയായി. മാര്‍ക്കോസള അലന്‍സോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. ജിറോഡിനെ ബോക്‌സിനകത്ത്‌വെച്ച് പൈക്ക് വലിച്ചിട്ടെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.

ഏറെതാമസിയായെ ലയണല്‍ മെസി ചാമ്പ്യന്‍സ് ലീഗിലെ നൂറാം  ഗോളും നേടി. ചെല്‍സിയുടെ പ്രതിരോധം തകര്‍ത്ത് മുന്നേറിയ മെസി തൊടുത്തുവിട്ട ഷോട്ട് ഗോള്‍വര കടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.