ഓണ്‍ലൈന്‍ റേഷന്‍ വിതരണം: നെറ്റ്‌വര്‍ക്ക് തകരാര്‍

Friday 16 March 2018 4:20 am IST

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ റേഷന്‍ വിതരണത്തിന് കേരളത്തില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. റേഷന്‍ വിതരണത്തിനുള്ള ഇ- പോസ് യന്ത്രത്തില്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍എല്‍ സിംകാര്‍ഡുകള്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും റേഞ്ച് കിട്ടാത്തതാണ് കാരണം.  

ഇത്തരം സ്ഥലങ്ങളില്‍ ഐഡിയ പരീക്ഷിച്ചെങ്കിലും, മുഴുവന്‍ സ്ഥലങ്ങളിലും റേഞ്ച് ലഭ്യമാക്കാനായിട്ടില്ല. ഇതോടെയാണ് കൂടുതല്‍ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സിവില്‍ സ്‌പ്ലൈസ് വകുപ്പിന്റെ നീക്കം. റേഞ്ച് പ്രശ്‌നംമൂലം ചിലയിടങ്ങളില്‍ റേഷന്‍ വിതരണം വൈകുകയും താറുമാറാകുകയും ചെയ്തു. 

ബിഎസ്എന്‍എല്‍ സിം കാര്‍ഡിന് തന്നെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍ഗണന നല്‍കുക. ബിഎസ്എന്‍എല്ലിന് റേഞ്ച് കിട്ടിയില്ലെങ്കിലേ മറ്റു സിം കാര്‍ഡുകള്‍ ഉപയോഗിക്കൂ. ഐഡിയയ്ക്കുപുറമെ വൊഡഫോണ്‍, ജിയോ എന്നീ സേവനദാതാക്കളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാണ് ശ്രമം. ഇവ പരീക്ഷിച്ചിട്ടും ഉള്‍പ്രദേശങ്ങളില്‍ നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ മറ്റ് എന്ത് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതര്‍.

ഓരോ കാര്‍ഡുടമയുടെയും വിരലടയാളം ഇ- പോസ് വഴി രേഖപ്പെടുത്തിയാലേ റേഷന്‍ നല്‍കൂ. കാര്‍ഡുടമ റേഷന്‍ വാങ്ങുന്ന സമയം തന്നെ വിവരം കേന്ദ്രീകൃത നെറ്റ്‌വര്‍ക്കിലൂടെ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് ലഭ്യമാക്കും. ഇതുവഴി യഥാര്‍ത്ഥ ഗുണഭോക്താവ് തന്നെയാണോ റേഷന്‍ വാങ്ങുന്നതെന്ന് അറിയാനാകും. 

റേഷന്‍ തിരിമറി തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ നല്ല ഇന്റര്‍നെറ്റ് സംവിധാനം ആവശ്യമാണ്. എന്നാല്‍, ഭൂരിഭാഗം ജില്ലയിലും പദ്ധതി ആരംഭിച്ചപ്പോള്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ അനുഭവപ്പെട്ടു. 

ചിലയിടങ്ങളില്‍ ഒരു ദിവസം 25 പേര്‍ക്ക് മാത്രമേ റേഷന്‍ വിതരണം ചെയ്യാനായുള്ളൂ. ഇന്റര്‍നെറ്റിന് വേഗമില്ലാത്തതിനാല്‍ റേഷന്‍ വിതരണവും താളം തെറ്റുന്ന അവസ്ഥയാണ്. 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ കേരളത്തിന് കേന്ദ്രം ഈ മാസം അവസാനം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അതിനുള്ളില്‍ 14,000ല്‍പ്പരം റേഷന്‍ കടകളിലും ഇ- പോസ് സ്ഥാപിച്ച് വിതരണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. കൊല്ലം ജില്ലയില്‍ പൂര്‍ണ്ണമായും മറ്റു ജില്ലകളില്‍ ഭാഗികമായും ഇ- പോസ് വഴി ഓണ്‍ലൈന്‍ റേഷന്‍ വിതരണം ആരംഭിച്ചപ്പോഴാണ് നെറ്റ് വര്‍ക്ക് തകരാറുണ്ടായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.