ബാലഗോകുലം സമ്പര്‍ക്കയജ്ഞം തുടങ്ങി

Friday 16 March 2018 4:35 am IST
"undefined"

കൊച്ചി: കുട്ടികളെ നേര്‍വഴിക്ക് നടത്താനും രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കാനുമുള്ള ബാലഗോകുലത്തിന്റെ മഹാ ജനസമ്പര്‍ക്ക യജ്ഞത്തിന് തുടക്കമായി. സംസ്ഥാനമൊട്ടാകെ 41 ദിവസംകൊണ്ട് 10 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുകയാണ് ബാല്യം സഫലമാവാന്‍ എന്ന് പേരിട്ട സമ്പര്‍ക്കയജ്ഞത്തിന്റെ ലക്ഷ്യം. 

എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലും ബാലഗോകുലം സമ്പര്‍ക്കയജ്ഞത്തിനെത്തി. 

ബാലഗോകുലം ആലപ്പുഴ ജില്ലാ യജ്ഞവാഹിനി വിഭാഗത്തില്‍ നിന്നും ലഘുലേഖ, കൈപ്പുസ്തകം, കലണ്ടര്‍ എന്നിവ വെള്ളാപ്പള്ളി ഏറ്റുവാങ്ങി. മൂല്യാധിഷ്ഠിതമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ബാലഗോകുലം ഏറ്റെടുത്തിരിക്കുന്ന മഹാദൗത്യത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ കാര്യദര്‍ശി വി. അതുല്‍, സംഘടനാ കാര്യദര്‍ശി എസ്. കൃഷ്ണകുമാര്‍, മണ്ഡല്‍ ഭഗിനിപ്രമുഖ അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്പര്‍ക്കം നടന്നത്. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ യജ്ഞവാഹിനി വിഭാഗത്തിന് ആശംസകളേകി.

മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ സൃഷ്ടിക്കുന്ന ഭവിഷത്തുകള്‍, മൂല്യാധിഷ്ഠിത ജീവിതത്തോടുള്ള നിഷേധാത്മകത, കൗമാരത്തിന്റെ അതിരുവിട്ട ഭ്രമം, മൂലയ്ക്കിരിക്കുവാന്‍ വിധിക്കപ്പെട്ട വാര്‍ദ്ധക്യം, അശ്രദ്ധ വരുത്തിവയ്ക്കുന്ന വാഹനാപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ജനസമ്പര്‍ക്കയജ്ഞം. സംസ്ഥാനത്തെ അയ്യായിരം സ്ഥലങ്ങളിലെ പ്രമുഖ വ്യക്തികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു തുടക്കം.

ബാലഗോകുലം മാര്‍ഗദര്‍ശി എം. എ. കൃഷ്ണന്‍, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി. രവിയച്ചന്‍ എന്നിവരുടെ നവതി വര്‍ഷത്തില്‍ ബാലഗോകുലം ആസൂത്രണം ചെയ്തിരിക്കുന്ന യജ്ഞത്തില്‍ സംസ്ഥാനത്തെ 25000 കാര്യകര്‍ത്താക്കളാണ് പങ്കെടുക്കുന്നത്. യജ്ഞത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഓരോ വീട്ടിലും ബാലഗോകുലം പ്രവര്‍ത്തകര്‍ സംവിധാനം ചെയ്ത പേരമരം, അക്കുത്തിക്കുത്ത് എന്നീ ഹ്രസ്വ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, ചലച്ചിത്ര ആസ്വാദന ചര്‍ച്ച, ബാല്യം സഫലമാവാന്‍ മാര്‍ഗദര്‍ശന ലഘുലേഖ വിതരണം എന്നിവ നടക്കും. 

നല്ല രക്ഷാകര്‍തൃത്വത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പ്പര്യമുള്ള രക്ഷാകര്‍ത്താക്കള്‍ക്ക് കേരളത്തിലെ സാഹിത്യ, സാംസ്‌കാരിക, വൈജ്ഞാനിക രംഗത്തെ പ്രമുഖരുടെ ലേഖന സമാഹാരമായ 'ബാല്യം സഫലമാവാന്‍' എന്ന പുസ്തകവും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.