നാടകമെന്ന് ഒരുകൂട്ടം പുരോഹിതര്‍; അന്വേഷിക്കുമെന്ന് പോലീസ്

Friday 16 March 2018 1:12 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കി. എന്നാല്‍, ഇത് കര്‍ദ്ദിനാളിന്റെ നാടകമാണെന്നാരോപിച്ച് ഒരു വിഭാഗം പുരോഹിതര്‍ രംഗത്തെത്തി. ഇതോടെ, പരാതിയില്‍ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പോലീസ്. 

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വൈകിയാണെങ്കിലും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. ഇതോടെ, കര്‍ദ്ദിനാളിനെ അനുകൂലിച്ച് വിശ്വാസികളില്‍ ചിലര്‍ രംഗത്ത് വരികയും സ്‌നേഹസംഗമം നടത്തുകയും ചെയ്തു. ഇതിനിടെയാണ് ചിലര്‍ കര്‍ദ്ദിനാളിന്റെ  ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. 

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദ്ദിനാളും കൂട്ടരും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂലമായ വിധി നേടിയെടുക്കാനുള്ള നാടകമാണ് കര്‍ദ്ദിനാളിന്റെ ജീവന് ഭീഷണി എന്ന പരാതിക്ക് പിന്നിലുള്ളതെന്നാണ് ഒരുവിഭാഗം പുരോഹിതരുടെ ആരോപണം. 

ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ അതിരൂപതാ ഭരണത്തില്‍ നിന്ന് മാറി നിന്നിരുന്നു. സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനാണ് അതിരൂപതാഭരണച്ചുമതല നല്‍കിയിരുന്നത്. എന്നാല്‍, എടയന്ത്രത്തിനെതിരെ കര്‍ദ്ദിനാള്‍ അനുകൂല പുരോഹിതര്‍ രംഗത്തെത്തിയിട്ടുണ്ട്. പുരോഹിതരെ നിയന്ത്രിക്കുന്നതില്‍ എടയന്ത്രത്ത് പരാജയമാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. കര്‍ദ്ദിനാളിനെതിരെ സഭയ്ക്ക് പുറത്ത് പരസ്യമായി ആക്ഷേപവും ആരോപണവും ഉന്നയിച്ചിട്ടും എടയന്ത്രത്ത് തടയുന്നില്ലെന്നാണ് അവരുടെ പരാതി. 

കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് പോലീസ് കേസെടുത്തെങ്കിലും, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കൂടി കണക്കിലെടുത്തേ പോലീസ് ഇക്കാര്യത്തില്‍ നിലപാടെടുക്കൂ. 

ഐക്യത്തിനായി ഉപവാസ പ്രാര്‍ത്ഥനാ ദിനം

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ പുരോഹിതര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഐക്യത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കാന്‍ കേന്ദ്ര കാര്യാലയത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡിന്റെ തീരുമാനം. 

മാര്‍ച്ച് 23നാണ് ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കുക. എല്ലാ ഇടവകയിലും സന്യസ്ത ഭവനങ്ങളിലും സാധ്യമായ എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂറെങ്കിലും വിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതിനൊപ്പം പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താനും സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.