കേരളത്തില്‍ 95% മണ്ഡലങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനം

Friday 16 March 2018 6:50 am IST
"undefined"

കോഴിക്കോട്: കേരളത്തില്‍ 95 ശതമാനം മണ്ഡലങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനം എത്തിയതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രവര്‍ത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ 1,503 മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ഇതില്‍ 1,426 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം കൂടി. ആകെ 5,620 സ്ഥലങ്ങളില്‍ 3,000 സ്ഥലങ്ങളിലായി 4,105 ശാഖകളുണ്ട്. 2,740 പ്രതിവാര പ്രവര്‍ത്തനം  അടക്കം 6,845 സ്ഥലത്താണ് പ്രവര്‍ത്തനങ്ങള്‍.

സേവാപ്രവര്‍ത്തനങ്ങളില്‍ നല്ല മുന്നേറ്റമാണ് കേരളത്തിലുള്ളത്. 2,552 ഗ്രാമങ്ങളില്‍ ഗ്രാമവികാസ പ്രവര്‍ത്തനവും സേവാ പ്രവര്‍ത്തനവുമുണ്ട്. ദേശീയ തലത്തില്‍ 1,74,519 സ്ഥലങ്ങളിലാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2025 ഓടെ രാജ്യത്തെ 80 ശതമാനം മണ്ഡലങ്ങളിലും സംഘപ്രവര്‍ത്തനം വ്യാപിക്കും. ജോയിന്‍ ആര്‍എസ്എസ് എന്ന ഓണ്‍ലൈനിലൂടെ കേരളത്തിലും കൂടുതല്‍ യുവാക്കള്‍ ആര്‍എസ്എസില്‍ ചേരുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി പ്രതിനിധിസഭയില്‍ അസൂത്രണം ചെയ്തിട്ടുണ്ട്.  

പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ദുരുപദിഷ്ടിതമാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും മാറി മാറി ഭരിക്കുകയും സ്വന്തക്കാരെ സംരക്ഷിക്കുകയും മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം എത്രമാത്രം അതിശയോക്തിപരമാണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകും. കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്നത് സിപിഎമ്മിന്റെ അസഹിഷ്ണുതയാണ്. 

പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് ആശയഗതികളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. വിയോജിക്കാനുള്ള അവകാശത്തെ കമ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.