സര്‍ക്കാര്‍ കാണിച്ചത് കോടതിയലക്ഷ്യം

Friday 16 March 2018 3:22 am IST
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വൈകിയത് കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കേസെടുത്ത സാഹചര്യത്തില്‍ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്നാരോപിച്ച് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്നലെ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ മാര്‍ച്ച് എട്ടിനാണ് വിധിയുടെ പകര്‍പ്പ് ലഭിച്ചതെന്നും മാര്‍ച്ച് 12 ന് കേസെടുത്തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. എന്തുകൊണ്ടാണ് കേസെടുക്കാന്‍ നാല് ദിവസം വൈകിയതെന്ന ചോദ്യത്തിന് വിധിന്യായത്തില്‍ സമയക്രമം നിഷ്‌കര്‍ഷിച്ചിരുന്നില്ലെന്നും ഇടയ്ക്ക് അവധി ദിനങ്ങള്‍ വന്നത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വൈകാന്‍ കാരണമായെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അവധി ദിനമായാല്‍ കേസെടുക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി ചോദിച്ചു. വിധിയിലെ നിര്‍ദേശം നടപ്പാക്കാന്‍ സമയം വേണ്ടി വന്നെന്നും കേസെടുത്തതിനാല്‍ കോടതിയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.