സിപിഎം കര്‍ഷക വിരുദ്ധര്‍: സുരേഷ് കീഴാറ്റൂര്‍

Friday 16 March 2018 2:25 am IST

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ശക്തമാക്കുമെന്നും സമരം പരാജയപ്പെട്ടാല്‍ അത് ജനങ്ങളുടെ പരാജയമാകുമെന്നും വയല്‍ക്കിളി സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍ ജന്മഭൂമിയോട് പറഞ്ഞു. 

സിപിഎം കീഴാറ്റൂരില്‍ നടപ്പാക്കുന്നത് പ്രകൃതിവിരുദ്ധ നയമാണ്. അടിസ്ഥാന നയങ്ങളില്‍ നിന്നുളള വ്യതിചലനമാണിത്. ചില പാര്‍ട്ടി നേതാക്കളുടെ സ്ഥാപിത താല്‍പ്പര്യങ്ങളാണ് കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമത്തിനു പിന്നില്‍. വന്‍ സാമ്പത്തിക ഇടപാട് വയല്‍ ഏറ്റെടുക്കലിനു പിന്നിലുണ്ട്. ഒരു ഗ്രാമത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ ആകെ പ്രശ്‌നമാണ്. വയല്‍ നികത്തിയല്ല വികസനം വരേണ്ടത്. കേരളത്തില്‍ ഒരിടത്തും ഇനി ഇത്തരത്തില്‍ വയല്‍ നികത്തല്‍ നടക്കാന്‍ പാടില്ലെന്നതാണ് വയല്‍ക്കിളികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വയല്‍ നികത്തുന്നതിന് ആനുപാതികമായി കുന്നും ഇടിക്കേണ്ടതായിട്ടുണ്ട്. ഇത് ശുദ്ധജലം കിട്ടാക്കനിയാക്കും. കുന്നും വയലും ജലസ്രോതസ്സാണ്. സിപിഎമ്മിന്റെ കര്‍ഷക സ്‌നേഹവും പ്രകൃതി സ്‌നേഹവും ആലങ്കാരികം മാത്രമാണ്.

സിപിഎമ്മുകാര്‍ കത്തിച്ച സമരപ്പന്തല്‍ പുനര്‍ നിര്‍മ്മിച്ച്  25ന് സമരം പുനരാരംഭിക്കും. സമരത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ എല്ലാ സംഘടനകളേയും പങ്കെടുപ്പിച്ച് 18ന് കീഴാറ്റൂരില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി കേരളത്തില്‍ കൃഷിഭൂമിയില്ലാതാക്കുന്നതിനെതിരെ മൗനം പാലിക്കുകയാണ്. 

കഴിഞ്ഞ ദിവസം സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് 18 സ്ത്രീകള്‍ ഉള്‍പ്പെടെ വയല്‍ക്കിളിയുടെ 49 വളണ്ടിയര്‍മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി വയല്‍ കാവല്‍ സമരം നടത്തുന്ന വയല്‍ക്കിളികളുടെ സമര പന്തല്‍ കഴിഞ്ഞ ദിവസം സിപിഎം സംഘം കത്തിച്ചു. ഇതിന് പ്രാദേശിക സിപിഎം നേതാക്കളടക്കം 12 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.