നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്നൊവേഷന്‍ സെല്‍

Friday 16 March 2018 9:48 am IST
ആഗോള നവീനാശയ സൂചിക പട്ടികയില്‍ ഇന്ത്യയുടെ നില ആറ് സ്ഥാനം മെച്ചപ്പെട്ടതിന്റെ ചുവടു പിടിച്ചാണ് പുതിയ തീരുമാനം. 2016 ലെ റാങ്കിംഗില്‍ അറുപത്തിയാറാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ല്‍ അറുപതാം സ്ഥാനത്തെത്തിയിരുന്നു.

ന്യൂദല്‍ഹി: നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായികേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രാലയത്തിനു കീഴില്‍ ഒരു നവീനാശയ സെല്ലിന് (ഇന്നൊവേഷന്‍ സെല്‍) രൂപം നല്‍കും. കേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചതാണ് ഇക്കാര്യം. 

ആഗോള നവീനാശയ സൂചിക പട്ടികയില്‍ ഇന്ത്യയുടെ നില ആറ് സ്ഥാനം മെച്ചപ്പെട്ടതിന്റെ ചുവടു പിടിച്ചാണ് പുതിയ തീരുമാനം. 2016 ലെ റാങ്കിംഗില്‍ അറുപത്തിയാറാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ല്‍ അറുപതാം സ്ഥാനത്തെത്തിയിരുന്നു. ആകെ 127 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യ റാങ്കിംഗ്‌മെച്ചപ്പെടുത്തിയത്. മാനവവിഭവശേഷി വികസന മന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായിചേര്‍ന്ന് നടത്തിയ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിനു ശേഷമാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

ഒരു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള നവീനാശയസെല്ലില്‍ മാനവ വിഭവശേഷിവികസന മന്ത്രാലയത്തില്‍ നിന്നുള്ള ഒരുമുതിര്‍ന്ന ഉദ്യോഗസ്ഥനും, നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ചിന്തകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരുയുവ പ്രൊഫഷണലും അംഗങ്ങളായിരിക്കും.  2017 ലെ ആഗോള നവീനാശയ സൂചികയില്‍ ഇന്നൊവേഷന്‍ ഇന്‍പുട്ട്‌സ്, കാര്യക്ഷമത എന്നിവയില്‍ ഇന്ത്യയുടെറാങ്കിംഗില്‍ ഗണ്യമായ പുരോഗതികൈവരിക്കാനായിട്ടുണ്ടെന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു. 

നവീനാശയ സൂചികയുടെ വലിയൊരു ഭാഗവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ മാനവവിഭവ ശേഷിവികസന മന്ത്രാലയത്തില്‍ ഒരു ഇന്നൊവേഷന്‍ സെല്‍ സ്ഥാപിക്കുന്നത് ഗവേഷണത്തിനും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിത നിലവാരവും സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്താന്‍ നവീനാശയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രാമുഖ്യം ഫലം കണ്ടതായികേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. 

രാജ്യത്തെ പ്രധാനപ്പെട്ട വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആറ് പുതിയ ഗവേഷണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതായും പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്തെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 120 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ഏജന്‍സി വഴികേന്ദ്ര സാങ്കേതികസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നല്‍കുന്നതും ഈ സ്ഥാപനങ്ങളിലെ 1000 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ നല്‍കുന്നതും വഴി ഇന്ത്യയിലെ നവീനാശയ, ഗവേഷണ മേഖലക്ക് ഗതിവേഗം നല്‍കാനാവുമെന്നും അതു വഴി മസ്തിഷ്തചോരണം തടയാനാവുമെന്നും  പ്രകാശ് ജാവദേകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും'ടിങ്കറിംഗ്‌ലാബു'കള്‍സ്ഥാപിച്ചിട്ടുണ്ടെന്നും നിതി ആയോഗിന്റെ അടല്‍ ഇന്നൊവേഷന്‍മിഷനു കീഴില്‍സ്‌കൂള്‍ തലങ്ങളില്‍ ലാബുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.