സ്വകാര്യ ബസുകള്‍ രാത്രികാല സര്‍വ്വീസുകള്‍ മുടക്കുന്നു യാത്രക്കാര്‍ ദുരിതത്തില്‍

Saturday 17 March 2018 1:27 am IST


അരൂര്‍: ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ ചേര്‍ത്തലയില്‍ നിന്നും അരൂക്കുറ്റി ഭാഗത്തേയ്ക്ക് വരുന്ന സ്വകാര്യ ബസുകള്‍ അവസാനസര്‍വ്വീസുകള്‍ ഇടയ്ക്ക് നിര്‍ത്തുന്നത് രാത്രി കാല യാത്ര ദുരിതത്തിലാക്കുന്നു. നിരവധിയാത്രക്കാരാണ് രാത്രി കാലങ്ങളില്‍ പെരുവഴിയിലാകുന്നത്.
 പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ല. രാത്രി 7 ന് ശേഷം ചേര്‍ത്തലയില്‍ നിന്ന് പുറപ്പെടുന്ന  സ്വകാര്യ ബസുകള്‍ ഒറ്റപ്പുന്ന, പൂച്ചാക്കല്‍, പെരുമ്പളം കവല, തൃച്ചാറ്റുകുളം ഭാഗങ്ങളില്‍ സര്‍വ്വീസ് നിര്‍ത്തുകയാണ് പതിവ്. ഈ സര്‍വ്വീസ്സുകള്‍ എല്ലാം അരൂര്‍ അമ്പലം വൈറ്റില ഹബ് വരെ സര്‍വ്വീസ് ഉള്ളവയാണ്.
 ചില ബസ്സുകള്‍ ഉടമയുടേയോ തൊഴിലാളികളുടെയോ സൗകര്യാര്‍ത്ഥം വീടിന് സമീപം ട്രിപ്പ് അവസാനിപ്പിക്കുന്നു. ചേര്‍ത്തല ഭാഗത്ത് നിന്നും വൈകി വരുന്നവര്‍ക്ക് എക ആശ്രയം 10 മണിയോടെ ചേര്‍ത്തലയില്‍ നിന്ന അരൂക്കുറ്റിയിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസാണ്.
 ഇതും കഴിഞ്ഞാല്‍ ദൂരയാത്ര കഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തിപ്പെടുന്നവര്‍ 400 രൂപ മുതല്‍ 500 രൂപ വരെ ചിലവാക്കി ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തുന്നത്. ഉള്‍പ്രദേശമായ കാട്ടുപുറം, തളിയാപറമ്പ് റൂട്ടുകളില്‍ സന്ധ്യ കഴിഞ്ഞാല്‍ ബസ് സര്‍വ്വീസ് നാമമാത്രമാണ്.
 ചേര്‍ത്തലയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഒറപ്പുന്ന, പൂച്ചാക്കല്‍, പെരുമ്പളം കവല, തൃച്ചാറ്റുകുളം ബോര്‍ഡ് പ്രദര്‍ശിപ്പിയ്ക്കും. ഇക്കാര്യം യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ ജീവനക്കാര്‍ പറയുകയും ചെയ്യും. ഞായറാഴ്ചകളില്‍  സ്വകാര്യ ബസുകള്‍ പലതും വിവാഹ ട്രിപ്പിന് പോകുന്നതും, ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുക്കുന്നതും സാധാരണയാണ്.
 തൊണ്ണൂറ് ശതമാനം സ്വകാര്യ ബസിനെ ആശ്രയിക്കുന്ന ചേര്‍ത്തല അരൂക്കുറ്റി റൂട്ടിലെ ദുരിതക്കാഴ്ചയാണിത്. ഇതിനെതിരെ പ്രതിഷേധം വ്യാകമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.