നൈതികതയില്‍ ഉറച്ചു നിന്ന കര്‍മ്മയോഗി

Saturday 17 March 2018 1:06 am IST


ആലപ്പുഴ: വൈദ്യശാസ്ത്രത്തിന്റെ നൈതികതയില്‍ ഉറച്ചു നിന്നുപ്രവര്‍ത്തിച്ച ഭിഷഗ്വരനായിരുന്നു ഡോ. ആര്‍.കെ. ഷേണായി. പ്രശസ്തിയുടെയോ പണത്തിന്റെയോ പിറകേ പോകാതെ ഏവരെയും ഒരുപോലെ കണ്ടിരുന്ന വ്യക്തിത്വമായിരുന്നു. പ്രമുഖരോ സാധാരണക്കാരോ എന്ന വ്യത്യാസമില്ലാതെ തന്റെ മുന്നില്‍ എല്ലാവരും രോഗികളെന്ന കാഴ്ചപ്പാടായിരുന്നു എന്നും. റിട്ടയര്‍ ചെയ്തിട്ടും അവസാന നിമിഷം വരെ കര്‍മ്മനിരതനായിരുന്നു. രോഗനിര്‍ണ്ണയത്തിലും മരുന്നു നല്‍കുന്നതിലുമുള്ള ഡോക്ടറുടെ മികവ് പ്രസിദ്ധമായിരുന്നു.
  വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെങ്കിലും പണത്തിനുവേണ്ടിയായിരുന്നില്ല. ഏറ്റവും വിലകുറഞ്ഞ ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ നല്‍കുകയായിരുന്നു പതിവ്. ഡോക്ടറുടെ മുന്നിലെത്തുന്ന രോഗികളോട് എന്നും ദയാപൂര്‍വ്വം പെരുമാറുമായിരുന്നു.
  നാലഞ്ചു തലമുറകളുടെ ശിഷ്യസമ്പത്തുള്ള ഡോ. ഷേണായിയുടെ ശിഷ്യര്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരുണ്ട്. 32 വര്‍ഷത്തെ അദ്ധ്യാപന രംഗത്തുള്ള അദ്ദേഹത്തിന്റെ സേവനം എന്നും മാതൃകാപരമായിരുന്നു.
  എറണാകുളം സ്വദേശിയായ ആര്‍.കെ. ഷേണായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 1965ല്‍ തിരുമല ദേവസ്വത്തിന്‍ കീഴില്‍ ആലപ്പുഴയില്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചപ്പോള്‍ ആലപ്പുഴയിലെത്തിയതാണ് ഇദ്ദേഹം.
 കര്‍ക്കശക്കാരനെങ്കിലും ഡോക്ടറുടെ വാര്‍ഡില്‍ പ്രവേശനം കിട്ടാനായി രോഗികള്‍ എന്നും ആഗ്രഹിച്ചിരുന്നു. ഇന്നത്തെ പഞ്ചനക്ഷത്ര ആശുപത്രികള്‍ക്ക് സമാനമായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. ഷേണായിയുടെ വാര്‍ഡ്. ഇവിടുത്തെ വൃത്തിയും വെടിപ്പും പ്രസിദ്ധമായിരുന്നു. ഡോക്ടറുടെ വാര്‍ഡില്‍ കിടക്കുന്ന രോഗികള്‍ക്ക് കൃത്യമായ ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമായിരുന്നു രോഗികളെ ഡോക്ടറുടെ വാര്‍ഡ് കിട്ടാന്‍ ആഗ്രഹിച്ചത്.
 കൊച്ചുമകള്‍ ഡോ. പ്രസന്ന ഹെഗ്‌ഡെക്ക് മെഡിക്കല്‍ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അപ്പൂപ്പനായ ഡോ. ഷേണായിയാണ്. ഇത് അപൂര്‍വ്വ സൗഭാഗ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.