വാഹനപരിശോധനയ്ക്കിടെ അപകടം; പോലീസ് ഒളിച്ചു കളിക്കുന്നു

Saturday 17 March 2018 1:08 am IST


മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ ബൈക്കുകള്‍ കൂട്ടിടിച്ചുണ്ടായ അപകടത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. പോലീസ്പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്ന പരിക്കേറ്റ് ചികിത്സയിലുള്ളയാള്‍ വെളിപ്പെടുത്തിയിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്.
 കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കഞ്ഞിക്കുഴി ജങ്ഷന് വടക്ക്‌വശം എഎസ് കനാലിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികനായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് വെളിയില്‍ ബിച്ചുവിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡ് കൂത്തക്കരവീട്ടില്‍ ഷേബുവിനും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തിന് പോയി വീട്ടിലേയ്ക്ക് മടങ്ങും വഴി ദേശീയപാതയില്‍  വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഷേബുവിന്റെ ബൈക്കിന് കൈ കാണിച്ചു. നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ജീപ്പ് കുറുകെ നിര്‍ത്തുകയായിരുന്നു.
 ഇതിനിടെ ബൈക്ക് വെട്ടിച്ച് മാറ്റുമ്പോള്‍ എതിരെ വന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായതെന്നാണ് ഷേബു പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.