സര്‍വ്വത്ര സമദര്‍ശനത്തിന്റെ ലക്ഷ്യം പരമഗതി

Saturday 17 March 2018 2:05 am IST
"undefined"

എല്ലാ സ്ഥാവര ജംഗമ വസ്തുക്കളിലും സമമായി ഒരു മാറ്റവും ഏറ്റക്കുറച്ചിലുകളുമില്ലാതെ, നശിക്കാതെ, ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ് മുതലായവയുടെ ഈശ്വരനായി-പരമാത്മാവ് സ്ഥിതി ചെയ്യുന്നു എന്ന ദര്‍ശനം സിദ്ധിച്ച മനുഷ്യ ജീവാത്മാവ്.

ആത്മനാ ആത്മാനം നഹിനസ്തി

സ്വയം-തന്നത്താന്‍, ഭൗതികപ്രപഞ്ചത്തിലെ ജനന മരണരൂപമായ സംസാരത്തില്‍ വീണ് നശിപ്പിക്കുകയില്ല. ന ഹി നസ്തി-ആത്മഹത്യ ചെയ്യുകയില്ല. സര്‍വ്വത്ര സമദര്‍ശനം ശീലമാക്കി, പരമമായ-ഭൗതിക പ്രപഞ്ചത്തിന്നതീതമായ ഭഗവത് സ്വരൂപം അറിയുകയും അതുവഴി പരമപദം പ്രാപിക്കുകയും ചെയ്യും.

നേരെ മറിച്ച്, മറ്റു ശരീരികളെയും തന്നെയും ദേവ മനുഷ്യാദി രൂപം ധരിച്ചനിലയില്‍ തന്നെ എപ്പോഴും വിഷമഭാവത്തില്‍-സമദര്‍ശനമില്ലാതെ മാത്രം കാണുന്ന മനുഷ്യന്‍ സംസാരത്തില്‍ മുങ്ങിയും പൊങ്ങിയും മരിച്ചും ജനിച്ചും സ്വയം അധഃപതിപ്പിക്കുന്നു. അവര്‍ എത്തിച്ചേരുന്ന ലോകം ഏതാണെന്ന് വേദം പറയുന്നു.

''അസൂര്യാനാമതേ ലോകാഃ അന്ധേനതമസാളളവൃതാഃ''

(സ്വന്തം ജീവനെ നാശക്കുഴിയിലേക്ക് തള്ളിവിടുന്ന-ആത്മഹത്യ നടത്തുന്ന ജനങ്ങളുടെ ലോകം-അജ്ഞാനമാകുന്ന കൂരിരുട്ടുനിറഞ്ഞതാണ്.)

സമംപശ്യന്‍- - നഹിസ്തി ആത്മനാ ആത്മാനം- എന്ന വാക്യത്തിന് മറ്റൊരര്‍ത്ഥംകൂടിയുണ്ട്. എല്ലാ ജീവന്മാരും പരമാത്മാവിന്റെ അംശങ്ങളാണെന്നും സമന്മാരാണെന്നും അറിയുന്നവന്‍ മറ്റൊരു ആത്മാവിനെ, ദ്രോഹിക്കുകയോ, നശിപ്പിക്കുകയോ ശത്രുവായി കരുതുകയോ ഇല്ല; എല്ലാവരിലും ദയാലുവായി തന്നെ ജീവിക്കും. ഭഗവാന് ആരാധനയായി എല്ലാവരെയും സ്‌നേഹിക്കും, സഹായം നല്‍കും.

വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവാത്മാക്കളില്‍ എങ്ങനെ സമത്വം കാണും (13-29)

ജീവാത്മാക്കള്‍ വിവിധ ശരീരങ്ങളില്‍ പ്രവേശിച്ച്, കര്‍മ്മങ്ങള്‍ ചെയ്യുന്നു. ദേവ-മനുഷ്യ-മൃഗ, പക്ഷിവൃക്ഷലതാദികളുടെ ശരീരങ്ങള്‍ വ്യത്യസ്തങ്ങളാണെന്ന് പറയേണ്ടതില്ല. മനുഷ്യശരീരം സിദ്ധിച്ച ജീവാക്കള്‍, പുണ്യ കര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും ചെയ്യുന്നു. ആ കര്‍മ്മങ്ങളുടെ ഫലങ്ങളായ സുഖവും ദുഃഖവും അനുഭവിക്കുന്നു. അപ്പോള്‍ കഴിഞ്ഞ ശ്ലോകത്തില്‍, ''സമംപശ്യന്‍, നഹിനസ്തി ആത്മാനം'' എന്ന്-(ആത്മാവിന്റെ സമത്വം കാണുന്നവന്‍, സ്വയം നശിപ്പിക്കുന്നില്ല) എന്ന് പറഞ്ഞത് എങ്ങനെ യുക്തിയുക്തമാകും? പറയുന്നു.

പ്രകൃത്യാ ഏവക്രിയ മാണാനി 

കര്‍മ്മാണി

പ്രകൃതി-ഭഗവാന്റെ ത്രിഗുണ സ്വരൂപമുള്ള മായ തന്നെ ''മായാം തു പ്രകൃതിം വിദ്യാത്'' (ശ്വേത ഉപ- 4-20) ആ മായ തന്നെയാണ് (ഏവ)-വേറെ ആരുമല്ല, ജീവാത്മാവിനും ഭൗതിക ശരീരങ്ങളും ഇന്ദ്രിയങ്ങളും പ്രവര്‍ത്തനശക്തിയും നല്‍കുന്നത്. ഓരോ ജീവാത്മാക്കള്‍ക്കും മുന്‍ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശരീരം കിട്ടുന്നു. ആ ശരീരഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ജീവാത്മാക്കള്‍ സ്വതവേ, പരമാത്മാവായ ഭഗവാന്റെ  അംശങ്ങളാണ്, ഭഗവാന്റെ ഗുണങ്ങള്‍ ചെറിയ തോതില്‍  അവര്‍ക്ക് ഉണ്ടുതാനും. പക്ഷേ, മായയുടെ ത്രിഗുണ സ്വഭാവമായ അജ്ഞാനത്താല്‍ എല്ലാം മറന്ന്, വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും വിഷമമായ-അവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. ദുര്‍ഗന്ധം പൊഴിക്കുന്ന ചെളിക്കുഴിയില്‍ ആണ്ടുകിടക്കുന്ന സ്വര്‍ണംപോലെ നില്‍ക്കുന്നു. 

യഃപശ്യതി- ഈ ജ്ഞാനമാണ് മനുഷ്യന്‍ നേടേണ്ടത്. അതിന് വേണ്ടി ഗീത, ഭാഗവതം എന്നീ ഭഗവദീയഗ്രന്ഥങ്ങള്‍ തന്നെ പഠിക്കുകയും അതനുസരിച്ച് ആത്മീയചര്യകള്‍ അനുഷ്ഠിക്കുകയും വേണം. അപ്പോള്‍ നമുക്ക്-ജീവാത്മക്കള്‍ക്ക്.

അകര്‍ത്താരം സപശ്യതി

തങ്ങള്‍, ഒന്നും ചെയ്യുന്നില്ല, നാം പെട്ടു പോയതാണ്, ചെളിനിറഞ്ഞ കുഴി, കസ്തൂരി നിറഞ്ഞ കുഴിയാണെന്ന് തെറ്റിദ്ധരിച്ച്, വീണുപോയ സ്വര്‍ണംപോലെയാണ്, എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഫോണ്‍ 9961157857

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.