വിജ്ഞാനമയനും മനോമയനും

Saturday 17 March 2018 2:10 am IST

തൈത്തിരീയോപനിഷത്ത്-20

തസ്മാദ് വാ ഏതസ്മാത് പ്രാണമയാത് അന്യോന്തര ആത്മാമനോമയഃ തേനൈഷ പൂര്‍ണ്ണഃ സവാ ഏഷ പുരുഷവിധ ഏവ തസ്യ പുരുഷ വിധത്വം. അന്വയം പുരുഷവിധഃ തസ്യയജുരേവ ശിരഃ ഋഗ് ദക്ഷിണഃ പക്ഷഃ സാമോത്തരഃ പക്ഷഃ ആദേശ ആത്മാ. അഥര്‍വ്വാംഗിരസഃ പുച്ഛം പ്രതിഷ്ഠാ തൗപ്യേഷ ശ്ലോകോ ഭവതി.

പ്രാണമയത്തില്‍ നിന്ന് അന്യമായതും ഉള്ളിലുള്ളതുമായ ആത്മാവാണ് മനോമയന്‍. മനോമയനായ ആത്മാവിനാല്‍ പ്രാണമയം പൂര്‍ണമായിരിക്കുന്നു. മനോമയമായ ആത്മാവ് പുരുഷാകൃതിയോടുകൂടിയതാകുന്നു. പ്രാണമയത്തിന്റെ പുരുഷാകാരത്തെ അനുസരിച്ചാണ് മനോമയവും പുരുഷാകൃതിയായിരിക്കുന്നത്. മനോമയത്തിന് യജ്ജുസ്സാണ് ശിരസ്സ്. ഋക് വലത്തേ ചിറകും സാമം ഇടത്തേ ചിറകുമാകുന്നു. ബ്രാഹ്മണം ആത്മാവാകുന്നു. അഥര്‍വാവിനാലും അംഗിരസിനാലും വെളിവാക്കപ്പെട്ട മന്ത്രങ്ങളും ബ്രാഹ്മണങ്ങളും പുച്ഛമാകുന്ന പ്രതിഷ്ഠാ സാധനമാണ്. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രം ഉണ്ട്.

അന്നമയത്തിനുള്ളില്‍ പ്രാണമയം അതിനുള്ളില്‍ മനോമയം എന്ന ആത്മാവ് ഇരിക്കുന്നു. അന്നമയത്തേക്കാള്‍ പ്രാണമയനും അതിനേക്കാള്‍ മനോമയനും പ്രധാനമാകുന്നു. യാഗാദി കാര്യങ്ങളിലെ ഉപകാരത്തെ അടിസ്ഥാനമാക്കി യജുസ്സിനെ ശിരസ്സായി പറയുന്നു. വേദസംഹിതകളെയാണ് രണ്ട് ചിറകുകളായി കാണുന്നത്. യാഗാദികള്‍ക്ക് വേണ്ട ആദേശത്തെ നല്‍കുന്നതിനാല്‍ ബ്രാഹ്മണമാണ് ആത്മാവ്. അഥര്‍വവേദത്തില്‍ അംഗിരസ്സ് നിര്‍ദ്ദേശിക്കുന്ന മന്ത്രങ്ങളാണ് പ്രതിഷ്ഠയ്ക്ക് സമാനമായ പുച്ഛം. ശ്രുതി അഥവാ വേദം തന്നെയാണ് ഇവിടത്തെയും അംഗങ്ങളെ കല്‍പ്പിച്ചിരിക്കുന്നത്.

സങ്കല്‍പവികല്‍പങ്ങളോടുകൂടിയ മനസ്സിനെ തന്നെയാണ് മനോമയം എന്ന് പറഞ്ഞിരിക്കുന്നത്.  ഇവിടെ പറയുന്ന യജ്ജുസ്, ഋക്, സാമം തുടങ്ങിയവയൊക്കെ മാനസികമായ ജപവുമായി ബന്ധപ്പെടുത്തി വേണം അറിയാന്‍. വേദശബ്ദങ്ങളായി കാണേണ്ടതില്ല. മനോമയനായ ആത്മാവിനെ അടുത്ത അനുവാകത്തിലെ മന്ത്രംകൊണ്ട് കൂടുതല്‍ വ്യക്തമാക്കുന്നു.

യതോ വാചോ നിവര്‍ത്തന്തേ 

അപ്രാപ്യ മനസാ സഹ

ആനന്ദം ബ്രഹ്മണോ വിദ്വാന്‍ 

ന ബിഭേതി കദാചനേതി

തസൈ്യഷ ഏവ ശാരീര 

ആത്മാ യഃ പൂര്‍വ്വസ്യ

മനോമയമായ ബ്രഹ്മത്തില്‍നിന്ന്, മനസ്സോടുകൂടി വാക്കുകള്‍ എത്താതെ പിന്തിരിഞ്ഞുചേരുന്നു. അങ്ങനെയുള്ള ബ്രഹ്മത്തിന്റെ ഉപാസനാ ഫലമായി ആനന്ദത്തെ അറിയുന്നയാള്‍ ഒന്നിലും ഭയപ്പെടുന്നില്ല. മനോമയമെന്ന് പറഞ്ഞത് തന്നെയാണ് പ്രാണമയത്തിന്റെ ആത്മാവ്.

മനസ്സ് ബ്രഹ്മത്തെ അറിയാനുള്ള സാധനമായതിനാല്‍ ഇവിടെ മനസ്സില്‍ ബ്രഹ്മതത്വത്തെ ആരോപിക്കുന്നു. വാക്കിനും മനസ്സിനും എത്താന്‍ കഴിയാത്ത ഇടമാണ് ബ്രഹ്മം. ആ പരമപദം നേടി ആനന്ദം അറിയുമ്പോള്‍ ഭയമേ ഇല്ല. അതുകൊണ്ട് മനോമയത്തെ പ്രാണമയത്തിന്റെ ആത്മാവായി പറയുന്നു.

തസ്മാദ് വാ ഏതസ്മാത് 

മനോമയാത് അന്യോന്തര

ആത്മാവിജ്ഞാനമയഃ 

തേനൈഷ പൂര്‍ണ്ണഃ സവാ ഏഷ

പുരുഷ വിധ ഏവ തസ്യ 

പുരുഷവിധതാം അന്വയം 

പുരുഷവിധഃ

അങ്ങനെയുള്ള മനോമയനില്‍നിന്ന് വേറെയായതും ഉള്ളിലുള്ളതുമായ ആത്മാവാണ് വിജ്ഞാനമയന്‍. വിജ്ഞാനമയനാല്‍ മനോമയന്‍ പൂര്‍ണ്ണനായിരിക്കുന്നു. വിജ്ഞാനമയന്‍ പുരുഷാകൃതിയുള്ളതാണ്. മനോമയന്റെ പുരുഷാകൃതി തന്നെയാണ് വിജ്ഞാനമയന്റെയും ആകൃതി.

വേദസ്വരൂപനായ മനോമയന് ഉള്ളിലാണ് വിജ്ഞാനമയന്റെ ഇരിപ്പ്. വേദാര്‍ത്ഥങ്ങളെ സംബന്ധിച്ച നിശ്ചയാത്മകമായ ബുദ്ധിയാണ് വിജ്ഞാനം. അന്തഃകരണത്തിന്റെ ധര്‍മവും ആണ്. ഇതിന്റെ ആത്മാവായിരിക്കുന്നതാണ് വിജ്ഞാനമയന്‍.

തസ്യ ശ്രദ്ധൈവ ശിര ഋതം 

ദക്ഷിണ പക്ഷഃ സത്യമുത്തരഃ

പക്ഷഃ യോഗ ആത്മാ മഹ 

പുച്ഛം പ്രതിഷ്ഠാ 

തദപ്യേഷ ശ്ലോകോ ഭവതി.

ശ്രദ്ധയാണ് വിജ്ഞാനമയന്റെ ശിരസ്സ്. ശാസ്ത്രജ്ഞാനമായ ഋതം വലത്തേ ചിറകും സത്യം ഇടത്തേ ചിറകുമാണ്. യോഗം ആണ് ആത്മാവ്.  മഹതത്ത്വമാണ് പ്രതിഷ്ഠയായിരിക്കുന്ന പുച്ഛം. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.

വേണ്ടതായ രീതിയില്‍ കാര്യങ്ങളെ നിശ്ചയിക്കാന്‍ ശ്രദ്ധവേണം. ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവുക എന്നതാണ് വിജ്ഞാനമുള്ളവര്‍ക്ക് ആദ്യം വേണ്ടത്. ഇത് തലപോലെ പ്രധാനപ്പെട്ടതായതിനാല്‍ ശ്രദ്ധയാണ് ശിരസ്സ്. യോഗം എന്നത് യുക്തി അല്ലെങ്കില്‍ സമാധാനം. വേണ്ടത്ര യുക്തിയും സമാധാനം   ഉള്ളവര്‍ക്കു മാത്രമേ വിജ്ഞാനത്തെ നേടാനാകൂ. അതിനാല്‍ യോഗം ആത്മാവാണ്. മഹതത്ത്വം എന്നാല്‍ കാരണം എന്നര്‍ത്ഥം. എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ ഒരു കാരണം ഉണ്ടാകും. കാര്യം ഉറച്ചിരിക്കുന്നത് കാരണത്തിലാണ്. അതുകൊണ്ട് മഹതത്ത്വം പുച്ഛമാകുന്നു. മഹതത്ത്വത്തിലാണ് വിജ്ഞാനമയന്‍ ഉറച്ചിരിക്കുന്നത്.

മനസ്സിനേക്കാള്‍ ശ്രേഷ്ഠമാണ് നിശ്ചയ രൂപത്തിലുള്ള ബുദ്ധി. മനസ്സിനേക്കാള്‍ സൂക്ഷ്മായതുകൊണ്ടാണ് വിജ്ഞാനമയത്തെ മനോമയത്തിന്റെ ആത്മാവായി പറഞ്ഞത്. 

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍  ഫോണ്‍ 9495746977)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.